കോവിഡ് വ്യാപനംമൂലം കൂടുതല്‍ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കും ചെറികിട വ്യാപാരികള്‍ക്കും സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ ഗുണകരകമാകും. 

മാര്‍ച്ചുമുതല്‍ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശയാണ് ഒഴിവാക്കിക്കിട്ടുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, വിദ്യാഭ്യാസ-ഭവന-വാഹന-വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയെക്കെല്ലാം ഇത് ബാധകമാകും. 

സര്‍ക്കാര്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. ഒക്ടബര്‍ അഞ്ചിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ അംഗീകാരം ധനമന്ത്രാലയുംതേടേണ്ടതുമുണ്ട്.

കോടതിയുടെ നിരന്തരമായുള്ള ആവശ്യത്തെതുടര്‍ന്നാണ് പിഴപ്പലിശ ഒഴിവാക്കുന്നകാര്യം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. വായ്പയെടുത്തവര്‍ക്ക് എങ്ങനെ ആനുകൂല്യം നല്‍കുമെന്നകാര്യം അന്തിമ വിധിക്കുശേഷമാകും തീരുമാനിക്കുക. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാതാകുമ്പോഴുണ്ടാകുന്ന നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനമുന്നില്‍കണ്ട് പൊതുമേഖ ബാങ്കുകള്‍ക്ക് 20,000 കോടി രൂപയുടെ അധിക മൂലധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

പിഴപ്പലിശ എഴുതിതള്ളുന്നതിലൂടെ, ബാങ്കുകള്‍, ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തുടങ്ങിയവയുള്‍പ്പടെയുള്ളവയ്ക്ക് 20,000 കോടിയുടെ അധികബാധ്യതയാണുണ്ടാകുക. ഇതുകൂടി എങ്ങനെ സര്‍ക്കാര്‍ വഹിക്കുമെന്നാണ് ധനകാര്യലോകം ഉറ്റുനോക്കുന്നത്. 

ബാധ്യത ബാങ്കുകള്‍ക്കുമേലിടാതെ സര്‍ക്കാര്‍ ആനുകൂല്യത്തിലൂടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനംതന്നെ വന്‍തോതിലുള്ള കടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ മേഖലയിലുള്‍പ്പടെയുള്ള ബാങ്കുകള്‍. വായ്പയുടെത്തവരില്‍നിന്ന് ഒഴിവാക്കുന്ന പിഴപ്പലിശ എത്രകാലംകൊണ്ട് സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നമെന്നകാര്യവും പ്രസക്തമാണ്. 

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരെടുക്കുന്ന നടപടികളെ പുതിയ തീരുമാനം കാര്യമായിതന്നെ ബാധിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയവ മുന്നിലുള്ളപ്പോഴാണ് പുതിയബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിവരുന്നത്. 

ബജറ്റ് പ്രതീക്ഷകളെയെല്ലാം കോവിഡ് ഇതിനകം താളംതെറ്റിച്ചുകഴിഞ്ഞു. കൂടുതല്‍തുക വായ്പയെടുക്കാന്‍ നിര്‍ബന്ധിതമായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍വരെയെടുത്ത വായ്പകളേക്കാള്‍ 82ശതമാനം(7.7 ലക്ഷംകോടി രൂപ)കൂടുതലാണ് ഈവര്‍ഷം ഇതുവരെ സര്‍ക്കാരിന് സമാഹരിക്കേണ്ടിവന്നതെന്ന് കെയര്‍ റേറ്റിങ്‌സ് സെപ്റ്റംബര്‍ 25ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

Interest on interest waiver: Small businesses, retail borrowers to benefit