പഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. 

റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്. ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. 

ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. 

ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.