Photo:AFP
വിലക്കയറ്റത്തെ പിടിച്ചുകെട്ടാനാകാതെ യു.എസ്. പ്രതീക്ഷ മറികടന്ന് ജൂണിലെ പണപ്പെരുപ്പം 41 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ മറ്റൊരു നിരക്കുവര്‍ധനയ്ക്കുകൂടി ഫെഡറല്‍ റിസര്‍വിനുമേല്‍ സമ്മര്‍ദമേറി.
ഈമാസം അവസാനത്തോടെ ഒരു ശതമാനമെങ്കിലും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലിയിരുത്തല്‍. പലിശവര്‍ധന ഉറപ്പായതോടെ യുഎസ് ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടായി. ഡോളര്‍ സൂചികയാകട്ടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. യുഎസ് ഓഹി ഫ്യൂച്ചേഴ് തകര്‍ച്ചനേരിടുകയുംചെയ്തു.
വിലക്കയറ്റം രൂക്ഷമായതോടെ താഴ്ന്ന വരുമാനക്കാര്‍ പണപ്പെരുപ്പത്തിന്റെ രൂക്ഷത അറിഞ്ഞുതുടങ്ങി. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയെയും ആത്മവിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഡിമാന്‍ഡ് നിലനിര്‍ത്തുന്നതിന് ഫെഡറല്‍ റിസര്‍വിന് കര്‍ശന പണനയം സ്വീകരിക്കേണ്ടിവരും. തുടര്‍ച്ചയായ നിരക്കുവര്‍ധന ഉള്‍പ്പടെയുള്ള നടപടികള്‍ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കുമെന്ന ഭീതി ഉയര്‍ത്തുന്നുമുണ്ട്.
പണനയം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറല്‍ റിസര്‍വ് മാര്‍ച്ചില്‍ 0.25 ശതമാനവും മെയില്‍ 0.50ശതമാനവും ജൂണില്‍ 0.75ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഈ മാസം അവസാനത്തോടെ ഒരുശതമാനംകൂടി വര്‍ധനവുണ്ടേയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയ് മാസത്തെ 8.6ശതമാനത്തില്‍നിന്ന് 9.1ശതമാനമായാണ് ഉയര്‍ന്നത്. 1981നുശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. നിലവിലെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നും ഭാവിയില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ചൈനയിലെ അടച്ചിടലുകളും റഷ്യ-യുക്രൈന്‍ യുദ്ധവും തുടരുന്നത് ശുഭസൂചന നല്‍കുന്നില്ല.
വിതരണ ശൃംഖലയിലെ തടസ്സങ്ങളും അതുമൂലമുള്ള പണപ്പെരുപ്പവും തുടര്‍ന്നേക്കാനുള്ള സാധ്യതയാണ് ഇത് മുന്നോട്ടുവെയക്കുന്നത്. ഭവന നിര്‍മാണ ചെലവിലെ വര്‍ധനവും പെട്ടെന്ന് പിടിച്ചുകെട്ടാന്‍ കഴിയുന്നതല്ല. ഉത്പന്ന വിലവര്‍ധന ഇതിനകം ഉപഭോക്താക്കളുടെമേല്‍ പതിച്ചുകഴിഞ്ഞു.
യുഎസിലെ വന്‍കിട കമ്പനികള്‍ 12ശതമാനത്തോളം വിലവര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുവാടകയിനത്തിലെ ചെലവ് മെയ് മാസത്തെ അപേക്ഷിച്ച് 0.8ശതമാനം കൂടി. പലിശ നിരക്കിലെ വര്‍ധനമൂലം സമീപകാലയളവില്‍ വീടുകളുടെ വില്പന മന്ദഗതിയിലാക്കിയിട്ടുണ്ട്. അതുമൂലം വാടകയിനത്തിലെ ചെലവ് വരുംമാസങ്ങളിലുംകൂടുമെന്നാണ് വിലിയുരത്തല്‍. അതേസമയം, തൊഴില്‍മേഖലയിലെ വളര്‍ച്ച സമ്പദ്ഘടനയ്ക്ക് കരുത്തുപകരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: inflation accelerates; Can US Avoid Recession Fears?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..