സാധനങ്ങൾക്കുപകരം സാധനങ്ങൾ കൈമാറുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിനുപകരം, വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറൻസി രൂപം കൊണ്ടതാണ്‌ വ്യാപാര- വാണിജ്യ പ്രക്രിയയുടെ അഭിവൃദ്ധിയുടെ ആണിക്കല്ല്‌. ഇന്ത്യയിൽ 2016-ൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ആകെ കറൻസി മൂല്യത്തിന്റെ 86 ശതമാനവും പൊടുന്നനെ നിശ്ചേതനമായപ്പോൾ അത്‌ സമ്പദ്‌ വ്യവസ്ഥയുടെ ഹൃദയാഘാതത്തിനാണ്‌ വഴിയൊരുക്കിയത്‌.

എന്നാൽ, ഇങ്ങനെ കുഴഞ്ഞുവീണ സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ ആശ്വാസം പകരാനോ ഉത്തേജക നടപടികൾ കൈക്കൊള്ളാനോ ശ്രമമുണ്ടായില്ല എന്നതാണ്‌ കേന്ദ്രസർക്കാർ നയത്തിലുള്ള ജനവിരുദ്ധതയുടെ സുപ്രധാന മുഖം. പണത്തിന്റെ ക്രയവിക്രയം ത്വരിതപ്പെടുത്തി കമ്പോളത്തെ സക്രിയമാക്കേണ്ട ബാങ്കിങ്‌ സ്ഥാപനങ്ങളാകട്ടെ വൻകിട കോർപ്പറേറ്റുകളുടെ താത്‌പര്യ സംരക്ഷകരായി മാറുകയും ചെയ്തു.

തന്മൂലം കുത്തകകളുടെ ആസ്തിയിലും വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. ചെറുകിട വായ്പകൾ ഇല്ലാതായി അനൗപചാരിക മേഖല അവഗണിക്കപ്പെട്ടു. ഈ പാതകത്തിൽനിന്നും കൈകഴുകി രക്ഷനേടാനുള്ള നീക്കമാണ്‌ സത്യത്തിൽ പുതിയ വായ്പ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. 

റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള ശീതസമരത്തിന്റെ ഉള്ളടക്കം സാമ്പത്തികരംഗത്ത്‌ അനുവർത്തിക്കുന്ന സമീപനങ്ങളിലെ നൈതികതയെ ചൊല്ലിയുള്ളതാണ്‌. ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്കെന്നാൽ സാമ്പത്തികകാര്യങ്ങളിലുള്ള ദിശാ നിർണയത്തിന്റെ അവസാന വാക്കാണ്‌. കറൻസിയുടെയും ബാങ്കിങ്‌ സ്ഥാപനങ്ങളുടെയും അധിപൻ എന്നതിനുപുറമേ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിളംബരപ്പെടുത്തുന്ന ബഹിർഗമന കവാടം കൂടിയാണത്‌.

സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമ്പദ്‌ഘടനയുടെ വിശുദ്ധി ഉൾക്കൊള്ളുന്ന റിസർവ്‌ ബാങ്കിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും സ്വയം ഭരണാവകാശസംഹിതകളും സമാനതകളില്ലാത്തവിധം അമൂല്യവും മഹത്തരവുമാണ്‌. 2016 നവംബർ എട്ടിന്റെ കറൻസി നിരോധന കാര്യത്തിൽ ഒരു ജനതയെ മാത്രമല്ല റിസർവ്‌ ബാങ്കിനെയും കേന്ദ്രസർക്കാർ ഫലത്തിൽ ബന്ദിയാക്കി എന്ന കാര്യം ഇന്നൊരു രഹസ്യമല്ല. കേന്ദ്രസർക്കാരുമായി നല്ല ആശയപ്പൊരുത്തം വെച്ചുപുലർത്തിയതിന്റെ ആനുകൂല്യത്തിലായിരുന്നു രഘുറാം രാജനുശേഷം ഇപ്പോഴത്തെ റിസർവ്‌ ബാങ്ക്‌ ഗവർണർ ചുമതലയേൽക്കുന്നത്‌. എന്നാൽ,

റിസർവ്‌ ബാങ്ക്‌ എന്ന ചട്ടക്കൂടിന്റെ മൂല്യങ്ങളും ധാർമികതയും മുറുകെ പിടിക്കേണ്ടി വന്നപ്പോൾ പുതിയ ഗവർണർക്കും മുമ്പുണ്ടായിരുന്ന തന്റെ സർക്കാർ വിധേയത്വം ഉപേക്ഷിച്ച്‌ ഒരു തത്ത്വാധിഷ്ഠിത നിലപാട്‌ സ്വീകരിക്കേണ്ടി വന്നു. അത്രകണ്ട്‌ തിളക്കമാർന്നതും നൈതികതയിലൂന്നിയുള്ളതുമാണ്‌ റിസർവ്‌ ബാങ്ക്‌ അടക്കമുള്ള ഇന്ത്യയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിത്തറയും ഉള്ളടക്കവുമെന്നതാണ്‌ ശ്രദ്ധേയം.

അതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ ഘടനയും ചട്ടക്കൂടും തകർത്തുകളയുകയോ, അവയെ ഇല്ലായ്മ ചെയ്യുകയോ വേണമെന്ന ചിന്തയാണ്‌ കേന്ദ്രസർക്കാരിൽനിന്ന്‌ നിരന്തരം ഉയർന്നുവരുന്നത്‌. റിസർവ്‌ ബാങ്കുമായുള്ള ഭിന്നത കേവലം വായ്പ വിതരണത്തിന്റേേതാ, ക്ളിയറിങ്‌ സംവിധാനത്തിന്റെ നടത്തിപ്പിന്റേയോ കരുതൽ നിക്ഷേപം പിൻവലിക്കുന്നതിലോ മാത്രമായി ചുരുക്കാവുന്നതല്ല. അത്‌ ജനാധിപത്യത്തോടും ഭരണഘടനയോടും അപര സ്വാതന്ത്ര്യത്തോടും കേന്ദ്ര ഭരണാധികാരികൾ വെച്ചുപുലർത്തുന്ന അസഹിഷ്ണുതയെയാണ്‌ മറ്റൊരുവിധത്തിൽ അടയാളപ്പെടുത്തുന്നത്‌. ഒരുരാജ്യത്തെ പ്രതിരോധസേനയും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തോളം ഗൗരവമുള്ളതാണ്‌, കേന്ദ്രസർക്കാർ - റിസർവ്‌ ബാങ്ക്‌ ചേരിപ്പോര്‌ എന്ന്‌ സാരം. ആ നിലയ്ക്ക്‌ ഇപ്പോൾ വന്നുഭവിച്ചിട്ടുള്ള സംഗതികളുടെയും ആഴവും വിതാനവും ഉത്‌കണ്ഠാജനകമാണ്‌.