റീട്ടെയില്‍ ഇടപാടുകള്‍ക്കും ഇനി ഡിജിറ്റല്‍ കറന്‍സി: എങ്ങനെ ഉപയോഗിക്കും?


Money Desk

റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. രണ്ടുഘട്ടങ്ങളിലായി രാജ്യത്തെ 13 നഗരങ്ങളില്‍ എട്ടു ബാങ്കുകള്‍ വഴിയാകും ഇടപാട്.

Explainer

.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിനുള്ള പര്യവേക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി(സിബിഡിസി)എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്സ്(ബിഐഎസ്) 2020 ജനുവരിയില്‍ നടത്തിയ സര്‍വെ പ്രകാരം 66 കേന്ദ്ര ബാങ്കുകളില്‍ 80ശതമാനവും ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിന്റെ തയ്യാറെടുപ്പുകളിലാണെന്ന് കണ്ടെത്തിയിരുന്നു. വൈകാതെ ലോകമാകെ വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകളാകും.

കറന്‍സി നോട്ടുകളുടെ ഡിജിറ്റല്‍ രൂപം റിസര്‍വ് ബാങ്ക് ഒരുമാസം മുമ്പേ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലായതിനാല്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വന്‍കിട ഇടപാടുകള്‍ക്കായിരുന്നു ആദ്യം പ്രയോജനപ്പെടുത്തിയത്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ലോകമെമ്പാടും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത വിലയിരുത്തിയത്. എന്നാല്‍ ക്രിപ്റ്റോ കറന്‍സികളുമായി ഒരുതരത്തിലും ബന്ധമില്ലാത്തവയാണ് സിബിഡിസി. നോട്ടുകള്‍ അച്ചടിക്കുന്നതിനുപകരം നിയമസാധുതയോടെയുള്ള ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നുവെന്നുമാത്രം.

എന്താണ് ഡിജിറ്റല്‍ കറന്‍സി?
അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ കറന്‍സി. അതായത് പണത്തിന്റെ ഇലക്ട്രോണിക് രൂപമെന്നു പറയാം. നോട്ടുകള്‍ അച്ചടിക്കാതെ പുറത്തിറക്കുന്ന ഇത്തരം കറന്‍സികള്‍ക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയുണ്ടാകും. മൊത്ത ഇടപാടിനും ചില്ലറ ഇടപാടിനും രണ്ട് തരത്തില്‍ സിബിഡിസിയാണുണ്ടാകുക. ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കായിരിക്കും മൊത്തവ്യാപാര കറന്‍സി. റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയാകട്ടെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. നെറ്റ്ബാങ്കിങ്, യുപിഐ എന്നിങ്ങനെ നിലവിലുള്ളതുപോലെ ഇടപാട് നടത്താന്‍ ആര്‍ക്കും കഴിയും. 10 രൂപ, 100 രൂപ, 200 രൂപ, 500 രൂപ എന്നിങ്ങനെ നിലവില്‍ ലഭ്യമായ കറന്‍സികള്‍ക്ക് തുല്യമായ മൂല്യമുള്ളവയാകും ഡിജിറ്റല്‍ രൂപയും. 50 പൈസ, ഒരു രൂപ എന്നീ നാണയങ്ങള്‍ക്കു തുല്യമായവയും ഇറക്കാനാകും. സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെയല്ല, വാലറ്റിലായതിനാല്‍ പലിശ ലഭിക്കില്ല. കീശയിലുള്ള കാശിന് ആരും പലിശ പ്രതീക്ഷിക്കാറില്ലല്ലോ.

ആദ്യം മൊത്ത ഇടപാട്, പിന്നെ ചില്ലറ
മൊത്ത ഇടപാടിനുള്ള കറന്‍സിയാണ് ആര്‍ബിഐ നവംബറില്‍ പുറത്തിറക്കിയത്. കടപ്പത്രങ്ങളുടെയും ഓഹരികളുടെയും ഇടപാട് നടക്കുന്ന ദ്വിതീയ വിപണിയിലായിരുന്നു ഇടപാട്. രാജ്യാന്തര തലത്തിലും ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. രണ്ടുഘട്ടങ്ങളിലായി രാജ്യത്തെ 13 നഗരങ്ങളില്‍ എട്ടു ബാങ്കുകള്‍ വഴിയാകും ഇടപാട്. മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ രൂപ ആദ്യമെത്തും. രണ്ടാംഘട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടും.

ക്രിപ്റ്റോകറന്‍സിയോട് സാമ്യം?
വികേന്ദ്രീകൃതമായ ഡിജിറ്റല്‍ ആസ്തിയാണ് ക്രിപ്റ്റോകറന്‍സി. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വിനിമയമാധ്യമമാണിത്. അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്രീകൃത നിയന്ത്രണത്തിലല്ലാതെയുള്ള പ്രവര്‍ത്തനമാണ് ക്രിപ്റ്റോയുടേത്. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അംഗീരിക്കാന്‍ മടിച്ചതും ഇടപാടുകള്‍ വിവാദമായതും അതുകൊണ്ടാണ്. അതില്‍നിന്ന് വ്യത്യസ്തമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് അച്ചടിക്കുന്ന രൂപയ്ക്കുള്ളതുപോലെ നിയമസാധുത ലഭിക്കും. സര്‍ക്കാര്‍ പിന്തുണയോടെയുള്ള, ആന്തരിക മൂല്യുള്ള കറന്‍സി നോട്ട് കൈവശം സൂക്ഷിക്കുന്നതിന് തുല്യമായിരിക്കും ഡിജിറ്റല്‍ കറന്‍സിയും. കംപ്യൂട്ടര്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള ഖനനത്തിലൂടെയാണ് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ രുപപ്പെടുത്തുന്നത്. ഡിജിറ്റല്‍ കറന്‍സിയാകട്ടെ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുക.ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തില്‍ വാലറ്റുകള്‍വഴിയാകും ഇടപാട്.

ഡിജിറ്റല്‍ രൂപയുടെ നേട്ടം
അച്ചടിക്കാനും സൂക്ഷിക്കാനുമുള്ള ചെലവ് ഇല്ലെന്നത് പ്രാഥമിക നേട്ടമായി പറയാം. അതുകൊണ്ടുതന്നെ ഇടപാടിനുള്ള ചെലവ് കാര്യമായി കുറയും. കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യില്ലെന്നതാണ് മറ്റൊരു സവിശേഷത. പോക്കറ്റടിച്ച് പോകുകയുമില്ല! നോട്ടുമായി താരതമ്യംചെയ്യുമ്പോള്‍ എല്ലാകാലത്തും പോറലേല്‍ക്കാതെ നിലനില്‍ക്കാന്‍ വെര്‍ച്വല്‍ കറന്‍സിക്ക് കഴിയുമെന്ന് പറയേണ്ടതില്ലല്ലോ.

സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തില്‍ നിയമപരിരക്ഷയോടെയാകും എല്ലാ ഇടപാടുകളും നടക്കുക. ആഭ്യന്തര ഇടപാടുകള്‍, രാജ്യത്തിന് പുറത്തേയ്ക്കുള്ള കൈമാറ്റം എന്നിവയിലെല്ലാം സര്‍ക്കാരിന് നിയന്ത്രണം ലഭിക്കും. കള്ളപ്പണമിടപാടുകള്‍ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭാവിയിലെ വികസനത്തിനും ഡിജിറ്റല്‍ കറന്‍സികള്‍ മികച്ച അന്തരീക്ഷമൊരുക്കുമെന്നകാര്യത്തില്‍ സംശയമില്ല.

നാല് ബാങ്കുകള്‍
റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാടില്‍ തുടക്കത്തില്‍ ഏര്‍പ്പെടുക നാല് ബാങ്കുകളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് എന്നിവയാണവ. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നീട് ചേരും.

Content Highlights: India to pilot retail digital currency on December 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented