കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും അത്‌ തടയാനുള്ള അടച്ചിടലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുമെന്ന് പഠനം. രാജ്യത്തിന്റെ പൊതുകടം നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ (ജി.ഡി.പി.) 87.6 ശതമാനമായി ഉയരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ പ്രസിദ്ധീകരണമായ ‘ഇക്കോറാപ്പ് റിപ്പോർട്ടി’ൽ പറയുന്നത്.

പൊതുകടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം നാല് ശതമാനമെങ്കിലും ഉയർത്തുമെന്നാണ് നിരീക്ഷണം. 2019-20-ൽ ജി.ഡി.പി.യുടെ 72.2 ശതമാനമായിരുന്നു പൊതുകടം. അതായത്, 146.9 ലക്ഷം കോടി രൂപ. ഇത് 170 ലക്ഷം കോടി രൂപയിലേക്ക് ഉയരുമെന്നാണ് എസ്.ബി.ഐ. റിപ്പോർട്ട്.

സർക്കാരിന്റെ ബാഹ്യ കടമെടുപ്പ് 6.8 ലക്ഷം കോടി രൂപയായി ഉയരും, ജി.ഡി.പി.യുടെ 3.5 ശതമാനം. സംസ്ഥാനങ്ങളുടെ കടം ജി.ഡി.പി.യുടെ 27 ശതമാനമാകുമെന്നും വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പൊതുകടവും ജി.ഡി.പി.യും തമ്മിലുള്ള അനുപാതത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12-ൽ 58.8 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ജി.ഡി.പി.യുടെ 67.4 ശതമാനം. 2019-20-ൽ ഇത് ജി.ഡി.പി.യുടെ 72.2 ശതമാനമായ 146.9 ലക്ഷം കോടി രൂപയായി ഉയർന്നു. 2023-ഓടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പൊതുകടം ജി.ഡി.പി.യുടെ 60 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പൊതുകടം ഉയരുന്നത് സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്വവും ബജറ്റ് മാനേജ്മെന്റും സംബന്ധിച്ച ഈ പ്രഖ്യാപിത ലക്ഷ്യത്തിന് വിലങ്ങുതടിയായേക്കും. ഇങ്ങനെപോയാൽ 2030-ൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളും ജി.ഡി.പി.യും കുറയാനാണ് സാധ്യത. പലിശനിരക്ക് കൂടുകയാണെങ്കിൽ വായ്പയ്ക്കു മേലുള്ള ഭാരവും കൂടും.

പൊതുകടം എടുക്കുന്നത് ഇങ്ങനെ...

രണ്ട് രീതിയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും.

വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ആർ.ബി.ഐ., കോർപ്പറേറ്റ് ഹൗസുകൾ, മ്യൂച്വൽ ഫണ്ട് കമ്പനികൾ എന്നിവ വഴിയാണ് രാജ്യത്തിനകത്തു നിന്നുള്ള കടമെടുപ്പ്.

സ്വകാര്യ വാണിജ്യ ബാങ്കുകൾ, വിദേശ സർക്കാരുകൾ, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, ലോക ബാങ്ക്, ഐ.എം.എഫ്., ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയവ വഴിയാണ് പുറത്തുനിന്നും രാജ്യം വായ്പയെടുക്കുന്നത്.