പ്രതീകാത്മകചിത്രം | Photo: Mukesh Gupta Reuters
രാജ്യത്തെ ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത ഇടിഞ്ഞു. റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേയ്ക്ക് പോകുന്നത്.
പണലഭ്യത ഉയര്‍ത്താന്‍ ആര്‍ബിഐ അടിയന്തിരമായി ഇടപെടുകയുംചെയ്തു. ബാങ്കിങ് സംവിധാനത്തിലേയ്ക്ക് 21,000 കോടിരൂപ(1.73 ബില്യണ്‍ ഡോളര്‍)യാണ് ഉടനെ നിക്ഷേപിച്ചത്.
2019നുശേഷം ഇതാദ്യമായാണ് ഇത്രയും തുക ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്നത്. പണലഭ്യത കമ്മിയായതോടെ ഹ്രസ്വകാല വായ്പാ പലിശ(കോള്‍ മണി റേറ്റ്) 5.85ശതമാനത്തിലേയ്ക്ക് ഉയരുകയുംചെയ്തു.
പണലഭ്യതയിലെ കമ്മി രൂക്ഷമാകുമെന്ന സൂചന നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ ഹ്രസ്വകാല നിരക്കില്‍ തുടര്‍ച്ചയായി വര്‍ധന പ്രകടമായിരുന്നു. ബാങ്കുകള്‍ പരസ്പരം കടം കൊടുക്കുകയും വാങ്ങുകയുംചെയ്യുന്ന ഇന്റര്‍ബാങ്ക് കോള്‍ നിരക്ക് തിങ്കളാഴ്ച 5.61 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാകട്ടെ 5.20ശതമാനവും. അരശതമാനത്തിലേറെ വര്‍ധനവാണ് ദിവസങ്ങള്‍ക്കിടെ ഉണ്ടായത്.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളാണ് പെട്ടെന്ന് കമ്മിയുണ്ടാകാന്‍ കാരണം. നിക്ഷേപത്തേക്കാള്‍ വായ്പയില്‍ വര്‍ധനവുണ്ടാകുന്നതും പണ ലഭ്യതക്കുറവിന് കാരണമാകും.
Also Read
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയരുന്നതും പണലഭ്യത കുറയ്ക്കും. ഈ സാഹചര്യത്തില്‍ ബാങ്കിങ് സംവിധാനത്തിലേയ്ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് അടിയന്തരമായി ഇടപെടുകയാണ് ചെയ്യുക.
Content Highlights: India's banking system liquidity slips into deficit after 40 months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..