കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്.
ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു.
മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.
ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്.
Content Highlights: IMF India GDP