ത്തവണത്തെ പണവായ്പാനയ അവലകനത്തിൽ റിസർവ് ബാങ്ക് കനത്ത വെല്ലുവിളിയെയാകും നേരിടേണ്ടിവരിക. റിസർവ് ബാങ്ക് ഹ്രസ്വകാലയളവിൽ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ(റിപ്പോ)നിരക്ക് നാല്ശതമാനത്തിലേയ്ക്ക് താഴ്ത്തിയത് കഴിഞ്ഞവർഷം മെയ് മാസത്തിലാണ്. പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്ന സാഹചര്യത്തിൽ നിലവിലെ റിപ്പോ നിരക്ക് നിലനിർത്തുകയെന്നത് ആർബിഐക്ക് കനത്ത പരീക്ഷണമാകും. 

ജനുവരിയിൽ 2.5ശതമാനമായിരുന്ന മൊത്തവില പണപ്പെരുപ്പം ഏപ്രിലിലെത്തിയപ്പോൾ 10.5ശതമാനത്തിലേയ്ക്കാണ് കുതിച്ചത്. പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിന് ആർബിഐ പിന്തുടരുന്ന ഉപഭോക്തൃ വില സൂചികയാകട്ടെ മാർച്ചിലെ 5.52ശതമാനത്തെ അപേക്ഷിച്ച് ഏപ്രിലിൽ നേരിയകുറവാണ് (4.2ശതമാനം)രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞമാസത്തെകണക്കുകളിൽ വലിയ വ്യതിയാനം ഉണ്ടാകാനാണ് സാധ്യത. ആഗോളതലത്തിൽ കമ്മോഡിറ്റികളുടെ വില കുതിപ്പിന്റെ പാതയിലാണ്. 

ആഗോള തലത്തിൽ അസംസ്‌കൃത വസ്തുക്കളുടെ വിലിയിലെ കുതിപ്പ് കമ്പനികൾക്ക് കനത്ത ബാധ്യതയാകും സൃഷ്ടിക്കുക. വരുംമാസങ്ങളിൽ അത് വിപണിയിൽ പ്രതിഫലിക്കുകയുംചെയ്യും. ആർബിഐയുടെ ലക്ഷ്യ നിരക്കായ നാലുശതമാനത്തിനടുത്താണ് നിലവിലെ റീട്ടെയിൽ പണപ്പെരുപ്പനിരക്ക്. ഇത് ആറ് ശതമാനംവരെ ഉയർന്നാലും നിലവിലെ സാഹചര്യത്തിൽ ഉറച്ചുനിൽക്കാനാകും ആർബിഐ മുതിരുക. നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ നിരക്ക് അഞ്ചുശതമാനംവരെ ഉയർന്നേക്കാമെന്നായിരുന്നു 2021-22 വർഷത്തെ ആദ്യ എംപിസി യോഗത്തിലെ അനുമാനം.

അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറിലെത്തിക്കഴിഞ്ഞു. ചൈന, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിൽ ഡിമാൻഡ് വർധിച്ചതോടെയാണ് ക്രൂഡ് വില വീണ്ടും ഉയരങ്ങളിലേയ്ക്ക് ചലിക്കാൻ തുടങ്ങിയത്. കോവിഡ് പ്രതിരോധ കുത്തിവെയ്പ് അതിവേഗത്തിൽ തുടരുന്നതിനാൽ സമ്പദ്ഘടനകൾ വൈകാതെതന്നെ നേർരേഖയിലേയ്‌ക്കെത്തിയേക്കാം. എണ്ണവിലയെ ഇത് സ്വാധീനിക്കുമെന്നകാര്യത്തിൽ സംശയമില്ല.

2020 ഫെബ്രുവരിയിൽ ഏറ്റവുംതാഴ്ന്ന നിലവാരമായ(ബാരലിന്) 20 ഡോളറിലെത്തിയശേഷം 15മാസംമാത്രം പിന്നിടുമ്പോഴാണ് വില 70 ഡോളറിലേയ്ക്ക് കുതിച്ചത്. ഇതിനകം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറുരൂപയിലധികമായിരിക്കുന്നു. 

രൂപയുടെ നീക്കം
മെയ് അവസാനവാരംമുതൽ രൂപയുടെ മൂല്യത്തിൽ തളർച്ച പ്രകടമായിത്തുടങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 73 രൂപ നിലവാരത്തിലെത്തി. ഡോളർ വരവിൽ വർധനയുണ്ടായതും കരുതൽ ധനംവർധിച്ചതും രൂപയ്ക്ക് ഒരുപരിധിവരെ ആശ്വാസംനൽകുന്നുണ്ട്. കോവിഡിന്റെ രണ്ടാംതരഗത്തെതുടർന്ന് ഓഹരി വിപണിയിലുണ്ടായ തിരുത്തലിൽനിന്ന് മോചനംനേടിയത് ആശ്വാസകരംതന്നെ. 

ഭക്ഷ്യഎണ്ണ വില
ക്രൂഡ് ഓയിലിന്റെ വിലമാത്രമല്ല ഭക്ഷ്യ എണ്ണവിലയും കുതിപ്പിന്റെ പാതയിലാണ്. ഇവ രണ്ടും വൻതോതിൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നവയാണ്. ഇരുമ്പ് ഉൾപ്പടെയുള്ള ലോഹങ്ങളുടെ വിലയിലും കുത്തനെ വർധനവുണ്ടായി. ഉപഭോക്തൃ ഉത്പന്ന വ്യവസായ മേഖല അതുകൊണ്ടുതന്നെ വൻവെല്ലുവളിയാണ് നേരിടുന്നത്. വൈകാതെ ഉത്പന്ന വിലയിൽ ഇത് പ്രതിഫലിക്കുന്നതോടെ ഉപഭോക്തൃ വില സൂചിക കുത്തനെ ഉയരാൻ ഇടയാകുകയുംചെയ്യും.

നഗരങ്ങളിലും പട്ടണങ്ങളിലുമാണ് കോവിഡിന്റെ ഒന്നാംതരംഗം കാര്യമായി ബാധിച്ചത്. രണ്ടാംതരംഗമാകട്ടെ ഗ്രാമീണമേഖലയെപ്പോലും വെറുതെവിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തെ ഇത് ബാധിക്കുകയുംചെയ്തു. പ്രാദേശിക ലോക്ഡൗണുകളെതുടർന്നുള്ള വിതരണശൃംഖലയിലെ തടസ്സങ്ങൾകൂടിചേർന്നപ്പോൾ സ്ഥിതികൂടുതൽ രൂക്ഷമാകുകയുംചെയ്തു. പന്ത് ഇപ്പോൾ ആർബിഐയുടെ കോർട്ടിലാണ്. എന്തായിരിക്കും കേന്ദ്ര ബാങ്കിന്റെ നിലപാടെന്ന് നാളെ അറിയാം.