gettyimages
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പണനയ നടത്തിപ്പില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഉദാഹരണമായി ആഗോള സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണം എന്നനിലയില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ പണം സൃഷ്ടിച്ച് വിപണിയിലിറക്കുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള പാരമ്പര്യേതര നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
വികസിത സമ്പദ് വ്യവസ്ഥയിലെ ഇതര കേന്ദ്ര ബാങ്കുകളും സമാനമായ നടപടികള്‍ക്കുതയ്യാറായി. ധനതത്വ ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങള്‍ ചോദ്യം ചെയ്യുന്ന ഈ പാരമ്പര്യേതര പണനയങ്ങളുടെ ഫലശ്രുതിയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്.
ഉദാര സാമ്പത്തികനയം ഉപഭോഗം വര്‍ധിപ്പിക്കുമെന്നും തൊഴിലുകള്‍ സൃഷ്ടിക്കുകയും വിലനിലവാരം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് സമ്പദ് ഘടനയെ മാന്ദ്യത്തില്‍നിന്നു കരകയറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നിട്ടും പല വികസിതരാജ്യങ്ങളും ഇപ്പോഴും അവരുടെ താഴ്ന്ന നാണയപ്പെരുപ്പ നിരക്കില്‍ ക്ളേശിക്കുകയാണ്.
പാരമ്പര്യേതര പണനയങ്ങളുടെ ഫലമായുണ്ടാകുന്ന ബഹിര്‍ഗമനങ്ങള്‍ വികസ്വര രാജ്യങ്ങളെയാണ് പ്രത്യേകമായി ബാധിക്കുന്നത്. വികസിത രാജ്യങ്ങളില്‍നിന്നു കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന വായ്പകള്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് വികസ്വരരാജ്യ വിപണികളിലാണ് എത്തിച്ചേരുന്നത്.
ഓഹരി വിപണികളില്‍ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ഉന്‍മേഷമാണ് ഇതിന്റെഫലം. വികസിത രാജ്യങ്ങളില്‍നിന്ന് യഥേഷ്ടം ഒഴുകിയെത്തുന്ന ഈ പണം വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികള്‍ അങ്ങേയറ്റം അനിശ്ചിതവും ചഞ്ചലവും ആക്കിത്തീര്‍ക്കുന്നു. 2013ലെ 'ടേപര്‍ ടാന്‍ട്രം' ഇങ്ങിനെയുണ്ടായതാണ്.
പലിശ നിരക്കുവര്‍ധിപ്പിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്ത വികസ്വര വിപണികള്‍ക്കു ദഹിക്കാന്‍ പ്രയാസമായിരുന്നു. ഇന്ത്യയ്ക്കും സമാന മനസ്ഥിതിയായിരുന്നു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, തുര്‍ക്കി എന്നിവിയോടൊപ്പം അഞ്ചു ദുര്‍ബ്ബല സാമ്പത്തിക ശക്തികളിലൊന്നായിരുന്നു ഇന്ത്യ.
പലിശ നിരക്കു വര്‍ധനയെക്കുറിച്ച് യുഎസ് കേന്ദ്ര ബാങ്ക് ചെയര്‍മാന്‍ ബെന്‍ ബെര്‍നാങ്കെ നല്‍കിയ സൂചന വികസ്വര രാജ്യങ്ങളില്‍നിന്ന് യുഎസിലേക്ക് മൂലധനത്തിന്റെ തിരിച്ചൊഴുക്കിനു കാരണമായി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ പരിഭ്രാന്തിപരക്കുകയും ഡോളറിനെതിരെ പ്രധാന കറന്‍സികള്‍ ഇടിയുകയും ചെയ്തു.
ആഗോള സമ്പദ്ഘടന ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പുണ്ടായിട്ടുള്ള സാമ്പത്തിക തകര്‍ച്ചകള്‍ എണ്ണവിലയിലുണ്ടായ മാറ്റത്തിന്റെയോ, ധനവിപണിയിലെ ആശയക്കുഴപ്പത്തിന്റെയോ ഫലമായിരുന്നെങ്കില്‍ ഇന്നതിനു കാരണം ഒരുആരോഗ്യ പ്രതിസന്ധിയാണ്.
2020ല്‍ ആഗോള സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചരുരുങ്ങുമെന്നാണ് അന്തര്‍ദേശീയ നാണ്യനിധിയുടെ കണ്ടെത്തല്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു സംഭവിച്ചതിനേക്കാള്‍ ആഴമേറിയതായിരിക്കും ഈ പതനം.
സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതത്വമാണ് ഉദാര പണനയങ്ങളുടെ രണ്ടാംതരംഗത്തിനു തുടക്കമിട്ടത്. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കുകയും ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിപണിയില്‍ പണംകുമിഞ്ഞുകൂടുകയും സ്വാഭാവികമായും വികസ്വര വിപണികള്‍ ഈ പണമൊഴുക്കിന്റെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായിത്തീരുകയും ചെയ്തു.
സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമില്ലായ്മയ്ക്ക് പ്രധാനകാരണം വിപണിയില്‍ ഒഴുകിയെത്തിയ ഈപണമാണ്. ഉദാഹരണത്തില്‍ ജൂണ്‍ മാസത്തില്‍ വിദേശ സ്ഥാപനങ്ങളും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരും (FII/FPI) ഇന്ത്യന്‍ ഓഹരി വിപണിയില്‍ 3.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങുകയുണ്ടായി. ലോക സമ്പദ്ഘടന മാന്ദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഓഹരി വിപണികള്‍ കുതിക്കുന്നത് ഇക്കാരണത്താലാണ്.
ഇനിയുമൊരു 'ടേപര്‍ ടാന്‍ട്രം' നീക്കം ഉണ്ടാവുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സാധാരണ പണനയങ്ങളിലേക്കു തിരിച്ചു വന്നാല്‍ വികസ്വര വിപണികളിലും അതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെടും. എന്നാല്‍ സമീപ ഭാവിയിലൊന്നും ഇതു സംഭവിക്കാനിടയില്ല.
കേന്ദ്ര ബാങ്കുകള്‍ക്ക് ഇന്നത്തെ അവരുടെ പാതയില്‍ നിന്ന് അത്രയെളുപ്പം വ്യതിചലിക്കാന്‍ കഴിയില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ ഭീമമായിരിക്കും. ഇത്തരമൊരു കടുത്ത ചുവടുവെയ്പിനുമുമ്പ് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ശ്രദ്ധയോടെ നിരീക്ഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ഘട്ടത്തില്‍ അതായിരിക്കും പണനയത്തിലെ പുതിയ സാധാരണത്വം അഥവാ സ്വാഭാവികത.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..