മ്പദ്ഘടനയുടെ വീണ്ടെടുപ്പിന് തടസ്സമായി രാജ്യത്തെ വിലക്കയറ്റ നിരക്കുകൾ കുതിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വിലക്കയറ്റത്തിന്റെ സൂചിക മുകളിലേയ്ക്കാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് തയ്യാറായിക്കഴിഞ്ഞു.

ഉപഭോക്തൃ വിലസൂചികയനുസരിച്ച് കണക്കാക്കുന്ന പണപ്പെരുപ്പ നിരക്ക് ഇന്ത്യയിൽ മെയ് മാസം 6.30 ശതമാനമായിരുന്നു. വിലക്കയറ്റ  ഘടനയിലെ മുകൾത്തട്ട് പരിധി 6 ശതമാനമായിരിക്കെയാണ് അതിനെയും മറികടന്നുള്ള വർധന. ലോക്ഡൗണും മറ്റുനിയന്ത്രണങ്ങളുംമൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളാണ് വിലവർധനവിന്റെ പ്രധാന കാരണം. കഴിഞ്ഞവർഷം ഏപ്രിലിൽ വിലക്കയറ്റ നിരക്ക് 7.22 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ ഇതേ മാസത്തെ മൊത്തവില സൂചിക 1.57 ശതമാനം വിപരീത വളർച്ചയാണു കാണിച്ചത്. ഇപ്പോൾ വലക്കയറ്റ സമ്മർദ്ദം മൊത്തവില നിലവാരത്തേയും ബാധിച്ചിട്ടുണ്ട്.  

2021 മെയ് മാസം മൊത്തവില സൂചികയിൽ 13 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. 2020 മെയ്മാസം -3.37 ശതമാനമായിരുന്ന മൊത്തവില സൂചിക ഇരട്ട അക്കത്തിലേക്കു കുതിക്കാനിടയാക്കിയത് അടിത്തറയിൽ ഉണ്ടായ താഴ്ച കാരണമാണ്. എണ്ണവിലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധന വിലകൾ വർധിക്കാൻ വലിയതോതിൽ കാരണമായിട്ടുണ്ട്.  മൊത്തവില സൂചികയിലെ വിവധഘടകങ്ങൾ അപഗ്രഥിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. 

ഉദാഹരണത്തിന് അസംസ്‌കൃത എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വിലയിൽ 56.06 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെയപേക്ഷിച്ച് 2021 മെയ്മാസം ധാതു എണ്ണകളുടെ വിലയിൽ 81.16  ശതമാനം വളർച്ചയുണ്ടായി.  ഈ പശ്ചാത്തലത്തിൽ എണ്ണവില വർധനയ്ക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മൊത്തത്തിൽ ചൂടുപിടിപ്പിക്കാൻ കെൽപുണ്ടെന്നു മനസിലാക്കി ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്.  

എണ്ണവില വർധനവിന്റെ പ്രത്യാഘാതങ്ങൾ പലതാണ്. ഗതാഗത ചെലവുകളുടെ വർധന, അസംസ്‌കൃത ഉൽപന്നങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം തുടങ്ങി വിവധ രംഗങ്ങളിൽ വിലകുതിക്കാൻ ഇതിടയാക്കും. ചില്ലറ വിപണനരംഗത്തും വിലക്കയറ്റത്തിന് ഇന്ധനവിലയിലെ വർധനവ് കാരണമാകുന്നുണ്ട്. അതായത് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികൾ കൂടുതൽ പണം നൽകേണ്ടിവരികയാണ്.  

വിലക്കയറ്റ നിരക്ക് 4 ശതമാനം, +/2 ശതമാനം എന്ന ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുന്ന റിസർവ് ബാങ്ക് വലിയ ആശയക്കുഴപ്പമാകും നേരിടേണ്ടിവരിക. വളർച്ചാ നിരക്കുവർധനയെ  സഹായിക്കുന്നതിനൊപ്പം വിലക്കയറ്റ നിരക്കും നിയന്ത്രിക്കുന്നതിനുള്ള വഴികൾ റിസർവ് ബാങ്ക് കണ്ടെത്തേണ്ടി വരും. വിലക്കയറ്റനിരക്കിലെ വർധന, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉൽപാദന നിശ്ചലതയും നാണയപ്പെരുപ്പവും നേരിടുകയാണോ എന്ന സംവാദത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്.  

ആഭ്യന്തര സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലായിരിക്കേ പലിശനിരക്കു വർധിപ്പിക്കുന്നതിന് വലിയ വിലകൊടുക്കേണ്ടിവരും. പണപ്പെരുപ്പനിരക്ക് ഇന്നത്തെ ഉയരത്തിൽ തുടർന്നാൽ സമ്പദ് വ്യവസ്ഥയിൽ യഥാർത്ഥ പലിശനിരക്ക് വിപരീതമായിത്തീരും. ഇന്ധന വിലവർധനയുടെ വിപരീത ഫലങ്ങൾ വീണ്ടെടുപ്പിന്റെ പാതയിൽ നീങ്ങുന്ന സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് വിലകുറയ്ക്കാൻ അതിവേഗശ്രമം ഉണ്ടായേതീരൂ.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)