ന്യൂഡൽഹി: തുടർച്ചയായി മൂന്നാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറിടന്നു. അഞ്ചുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. 

സെപ്റ്റംബറിൽ 1,17,010 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സമാഹരിക്കാനായത്. ഓഗസ്റ്റിൽ 1,12,020 രൂപയും ജൂലായിൽ 1,16,393 കോടി രൂപയുമാണ് സമാഹരിച്ചത്. 

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിലെ ശരാശരി ജിഎസ്ടി വരുമാനം 1.15 ലക്ഷം കോടി രൂപയാണ്. ഇത് ആദ്യപാദത്തിലെ ശരാശരിയായ 1.10 ലക്ഷം കോടി രൂപയേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. 

കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശിക തലത്തിൽ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ എട്ടുമാസത്തിനിടെ ആദ്യമായി ജൂണിലെ വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയെത്തിയിരുന്നു. അതിനുമുമ്പ് ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയെന്ന റെക്കോഡിലേത്തിയശേഷമായിരുന്നു ഈ ഇടിവ്. 

കോവിഡിന്റെ രണ്ടാംതരംഗത്തിനുശേഷം സമ്പദ്ഘടന ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധന. ഈയിനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് പുനരുജ്ജീവന പദ്ധതികൾക്കായി കൂടുതൽ തുക ചെലവഴിക്കാൻ സർക്കാരിന് അവസരംനൽകും. 

GST collection above Rs 1.1 lakh for third straight month