ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കി. 

ഉപഭോക്തൃ ഉത്പന്നങ്ങളായ ചോക്കലേറ്റ്, ചുയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കുറയ്ക്കുക.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. 

227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കാന്‍ നിര്‍ദേശംവന്നിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഉത്പന്ന പട്ടിക വീണ്ടും ചുരുക്കി 50ലെത്തിക്കുകയായിരുന്നുഎന്ന് മന്ത്രി പറഞ്ഞു.

ചുയിംഗം, ചോക്കലേറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ക്രീം, ഷേവിങിനുശേഷം ഉപയോഗിക്കുന്ന ലേപനങ്ങള്‍, ഡിയോഡ്രന്റ്, സോപ്പുപൊടി, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ നികുതി 18 ശതമാനമാക്കികുറയ്ക്കാനാണ് തീരുമാനം. 

അതേസമയം, പെയിന്റ്, സിമെന്റ് തുടങ്ങിയവയെയും വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ ലക്ഷ്വറി ഉത്പന്നങ്ങളെയും 28 ശതമാനം നികുതിയില്‍തന്നെ നിലനിര്‍ത്തും. 20,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുക.