മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സ്ഥിതിക്ക് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ വ്യക്തിഗത നിക്ഷേപ പദ്ധതികളിലും ആദായ നികുതി സ്ലാബുകളിലും എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കാന്‍ കഴിയുക? 

ഭവന പദ്ധതിയുടെ കാലാവധി നീട്ടല്‍, പെന്‍ഷന്‍ പദ്ധതികള്‍, ആധാറുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ആദായ നികുതി സ്ലാബ് ഉയര്‍ത്തല്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാം.

1. കൂടുതല്‍ ആദായ നികുതി ആനുകൂല്യങ്ങള്‍
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രധാന ബജറ്റില്‍ കൂടുതല്‍ ആധായ നികുതി ഇളവുകള്‍ നല്‍കുമെന്ന് 2019 ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. 

ഇടക്കാല ബജറ്റില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്താതെ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി റിബേറ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. 

2. ആദായ നികുതി നിയമത്തിലെ മാറ്റം
നിലവിലുള്ള 50 വര്‍ഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ 2017ല്‍ മോദി സര്‍ക്കാര്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 

2019 ഫെബ്രുവരി 28നായിരുന്നു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മെയ് 31വരെ അതായത് മൂന്നുമാസത്തേയ്ക്കുകൂടി സമയം നീട്ടിനല്‍കിയിട്ടുണ്ട്. മോദിതന്നെ രണ്ടാമതും അമരത്ത് തുടരുമ്പോല്‍ ആദായ നികുതി നിയമത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. 

3. ആധാര്‍
വിവിധ സേവനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ആദായനികുതി ഫയല്‍ ചെയ്യല്‍, പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍, മൊബൈല്‍ കണക്ഷനെടുക്കാന്‍, ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തുടങ്ങിയവയ്‌ക്കൊക്കെയായിരുന്നു ഇത്. എന്നാല്‍, മൊബൈല്‍ കണക്ഷനെടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തു.

തുടര്‍ന്ന് ആധാറുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്ത് ലോക്‌സഭ പാസാക്കിയിരുന്നു. രാജ്യസഭയില്‍നിന്നാണ് ഇനി ഇതുസംബന്ധിച്ച പച്ചക്കൊടി കിട്ടാനുള്ളത്. 

4.നികുതി ഭരണം കര്‍ശനമാക്കല്‍
നോട്ട് അസാധുവാക്കലിനുശേഷം വിവിധ നികുതി നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയുണ്ടായി. പ്രത്യേകിച്ച് പണമിടപാടുകള്‍. നികുതി റിട്ടേണ്‍ ഫോമില്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യവും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക.

5. പെന്‍ഷന്‍ പദ്ധതി
പ്രധാന്‍മന്ത്രി വയ വന്ദന യോജന പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപിക്കാനുള്ള പരമാവധി തുക 15 ലക്ഷമാക്കി 2018ലെ ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. 2020 മാര്‍ച്ച് 31വരെ പദ്ധതിയുടെ കാലാവധി നീട്ടുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ പദ്ധതിയുടെ കാലാവധി വീണ്ടും നീട്ടുന്നത് പരിഗണിച്ചേക്കാം.

6. ഭവന വായ്പ സബ്‌സിഡി പദ്ധതി
മധ്യവര്‍ഗക്കാര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഭവന വായ്പ സബ്‌സിഡി പദ്ധതി 2020 മാര്‍ച്ചിലാണ് അവസാനിക്കുക. 2017 ഡിസംബര്‍ 30വരെ 3.4 ലക്ഷം പേരാണ് ഇതിന്റെ ആനുകൂല്യം സ്വീകരിച്ചത്. 2018 ഡിസംബര്‍ 31ന് പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചിരുന്നു. 

അഞ്ചുവര്‍ഷത്തേയ്ക്കുകൂടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സ്ഥിതിക്ക് 2022വരെയെങ്കിലും പദ്ധതി നീട്ടിയേക്കാം. 2020ഓടെ എല്ലാവര്‍ക്കും ഭവനം-എന്ന സര്‍ക്കാരിന്റെ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും.

7. ഇലക്ട്രോണിക് പണമിടപാടുകള്‍
പണമിടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നേക്കും. ഇലക്ട്രോണിക് പണമിടപാടുകളിലെ തട്ടിപ്പുകള്‍ കുറച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വിശ്വാസയോഗ്യവുമാക്കാനുള്ള നടപടികള്‍ ഇപ്പോള്‍തന്നെ ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് പണമിടപാടുവഴി പണം നഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

8. 2019 ഇടക്കാല ബജറ്റ്
പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചതാണെങ്കില്‍പോലും ഇടക്കാല ബജറ്റിലെ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ തുടരാനാണ് സാധ്യത. അഞ്ചുലക്ഷം രൂപവരെ പ്രതിവര്‍ഷം വരുമാനമുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള ആദായനികുതി റിബേറ്റ്, സ്റ്റാന്റേഡ് ഡിഡക്ഷന്‍ 50,000 രൂപയാക്കിയത്. രണ്ടാമതൊരു വീടുള്ളവര്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്മേലുള്ള നികുതി ഒഴിവ്, ടിഡിഎസ് പിടിക്കുന്നതിന്റെ പരിധി വര്‍ധിപ്പിച്ചത് തുടങ്ങിയവയെല്ലാം അതേപടി തുടര്‍ന്നേക്കും. 

antony@mpp.co.in