Photo: Gettyimages
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയുമായി മുന്നോട്ടുപോകുമെന്നുറപ്പായി. ഫെഡ് മേധാവി ജെറോം പവല്‍ നല്‍കിയ സൂചനകളും ഈയിടെ പുറത്തിറങ്ങിയ അനുകൂലമായ സാമ്പത്തിക കണക്കുകളും അതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കയാണ്. വിലക്കയറ്റം നിശ്ചിത പരിധിയിലേക്കു താഴുന്നതുവരെ പലിശ നിരക്ക് കൂട്ടാന്‍തന്നെയാണ് ഫെഡിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഏഴ് തവണയാണ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. 1980നു ശേഷം ഇത്ര വേഗത്തിലുള്ള നിരക്കുവര്‍ധന ഇതാദ്യമാണ്. എങ്കിലും പലിശ നയത്തിന്റെ കാര്യത്തില്‍ 2023ല്‍ അധികൃതരുടെ സമീപനത്തില്‍ നേരിയ മാറ്റമുണ്ട്. ഫെബ്രുവരിയില്‍ 0.25 ശതമാനം മാത്രമാണ് കൂട്ടിയത്. ഇതോടെ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി. ഇപ്പോഴത്തെ ഫെഡ് പലിശ നിരക്ക് 2007 നു ശേഷമുള്ള ഏറ്റവും കൂടിയതാണ്. ഈ വര്‍ഷം തന്നെ മുക്കാല്‍ ശതമാനമോ അതിനു മുകളിലോ പലിശ നിരക്കു വര്‍ധനയ്ക്കു സാധ്യതയുമുണ്ട്. മഹാമാരിയുടെ കാലത്ത് പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്കു കൊണ്ടുവന്ന് സാമ്പത്തിക ഉത്തേജന നടപടികളിലൂടെയാണ് സമ്പദ് വ്യവസ്ഥയെ പിന്തുണച്ചത്.
വിലക്കയറ്റം സംബന്ധിച്ച കണക്കുകളും തൊഴില്‍ വിവരങ്ങളുമായിരിക്കും പലിശ നിരക്കു വ്യതിയാനം സംബന്ധിച്ച ഫെഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുക. ശമ്പള വരുമാനം വര്‍ധിച്ചതിനെത്തുടര്‍ന്ന് യുഎസിലെ ഉപഭോക്താക്കളുടെ പണം ചിലവഴിക്കല്‍ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയതായി ഈയിടെ പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. വിലക്കയറ്റം ഇനിയും കൂടുമോ എന്ന ഭയം മാത്രമാണ് ഫെഡിനുള്ളത്. അങ്ങനെ വന്നാല്‍ വേനലില്‍ പലിശ നിരക്ക് ഇനിയും കൂട്ടേണ്ടി വരും.
യുഎസ് കേന്ദ്ര ബാങ്കിന്റെ നിരക്കു വര്‍ധന വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ വലിയൊരളവോളം സഹായകമായിട്ടുണ്ട്. എന്നാല്‍ ബാങ്കിന്റെ ലക്ഷ്യത്തില്‍ നിന്നും വളരെ അകലെയാണ് ഇപ്പോഴും വിലക്കയറ്റം. യുഎസിലെ പ്രതിവര്‍ഷ വിലക്കയറ്റ നിരക്ക് ജനുവരിയില്‍ 6.41 ശതമാനവും ഡിസംബറില്‍ 6.45 ശതമാനവുമായിരുന്നു. മുന്‍വര്‍ഷമാകട്ടെ 7.8 ശതമാനവും. യുഎസിലെ ദീര്‍ഘകാല വിലക്കയറ്റ ശരാശരി 3.28 ശതമാനമായിരുന്നു.
ജനുവരിയില്‍ യുഎസ് തൊഴില്‍ വിപണി കാര്യമായ വളര്‍ച്ച കൈവരിക്കുകയുണ്ടായി. തൊഴിലില്ലായ്മ നിരക്ക് 53 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. 2019ല്‍ മഹാമാരിക്കു മുമ്പുള്ള കാലത്തേക്കാള്‍ മൂന്നിരട്ടിയാണ് യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഫെഡിന്റെ പുതിയ നീക്കം യുഎസ് ഡോളറിന് ഭദ്രത നല്‍കുകയും കഴിഞ്ഞ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും കൂടിയ നിരക്കില്‍ നിന്ന് ഒമ്പത് ശതമാനത്തിലേറെ തിരുത്തലിനു വിധേയമാവുകയും ചെയ്തിട്ടുണ്ട്. കൂടിയ തോതിലുള്ള പലിശ നിരക്കു വര്‍ധന നേരത്തേ യുഎസ് ഡോളറിന്റെ മൂല്യം കുത്തനെ വര്‍ധിപ്പിക്കുകയുണ്ടായി. ആഗോള വളര്‍ച്ചാ വേഗതയെ ഇത് പിന്നോട്ടടിക്കുകയും ചെയ്തു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പല രാജ്യങ്ങളും പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആഗോള വളര്‍ച്ചാ പ്രതീക്ഷകളെ ഇതു ബാധിക്കുകയും മാന്ദ്യ ഭീതി ഉയര്‍ത്തുകയുമുണ്ടായി. ജനവുവരിയില്‍ ഐഎംഎഫ് പ്രസിദ്ധീകരിച്ച രേഖയനുസരിച്ച് 2023ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച കുറയുകയും പല സമ്പദ് വ്യവസ്ഥകളും മാന്ദ്യം നേരിടുകയും ചെയ്യും. എന്നാല്‍ പ്രധാന രാജ്യങ്ങള്‍ വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ മാന്ദ്യ ഭീതി അകലുകയാണ്. യൂറോ മേഖലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വിതരണ ശൃംഖലകള്‍ മെച്ചപ്പെട്ടതും ഇന്ധന വില കുറഞ്ഞതും ശൈത്യം നിയന്ത്രണ വിധേയമായതും ഈ മേഖലയെ കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നു കരകയറ്റിയിട്ടുണ്ട്.
ചൈനീസ് സമ്പദ്ഘടനയും കുതിപ്പിന്റെ പാതയിലാണ്. മഹാമാരിയുമായി ബന്ധപ്പെട്ടു നീണ്ടുനിന്ന അടച്ചിടലിനു ശേഷം രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുനരാരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണ, സേവന മേഖലയില്‍ നിന്നുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. വരുംമാസങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും ചൈനയുടേത് എന്നാണ് വിലയിരുത്തല്‍. കുറയുന്ന വിലക്കയറ്റവും നിലനില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചയും ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ വീഴാതെ പിടിച്ചു നിര്‍ത്തുമെന്നാണ് കരുതേണ്ടത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Global economy emerges from crisis despite continued inflation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..