ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ജൂലായ്-സെപ്റ്റംബര്‍ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതിന് കേന്ദ്രസര്‍ക്കാര്‍ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയര്‍ന്ന നികുതി പിന്‍വലിക്കല്‍, കോര്‍പറേറ്റ് നികുതി ഇളവുകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.
Content Highlights: GDP growth dips to 4.5 per cent in July-Sept, hits over 6-year low