കൊച്ചി: ലോക ബാങ്കിനും അന്താരാഷ്ട്ര നാണയ നിധിക്കും (ഐ.എം.എഫ്.) പിറകെ ഇന്ത്യയുടെ വളർച്ച അനുമാനം താഴ്ത്തി ഫിച്ച് റേറ്റിങ്‌സും. നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചനിരക്ക് 5.5 ശതമാനമായിരിക്കുമെന്നാണ് ഫിച്ചിന്റെ പുതിയ നിഗമനം. ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്.
കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നടപടികൾ സാമ്പത്തിക വളർച്ചയെ വലിച്ചിഴയ്ക്കുമെന്നാണ് ഫിച്ച് പറയുന്നത്. എന്നാൽ, അടുത്ത സാമ്പത്തിക വർഷം വളർച്ച നിരക്ക് 6.2 ശതമാനത്തിലെത്തുമെന്നും 2021-22 ൽ 6.7 ശതമാനമാകുമെന്നും ഫിച്ച് പറയുന്നു.
റിസർവ് ബാങ്കും രാജ്യത്തിന്റെ വളർച്ച അനുമാനം താഴ്ത്തിയിരുന്നു. ഈ സാമ്പത്തിക വർഷം 6.1 ശതമാനം വളർച്ചയാണ് ആർ.ബി.ഐ. പ്രതീക്ഷിക്കുന്നത്. ഐ.എം.എഫ്. 6.1 ശതമാനവും ലോക ബാങ്ക് ആറ് ശതമാനവും സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
Fitch Cuts India’s FY20 GDP Growth Forecast To 5.5%