കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ പിൻവലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു.

മാർച്ചോടെ ബോണ്ട് വാങ്ങൽ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവൽ ചെയർമാനായ ഫെഡറൽ റിസർവിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കിൽ മുക്കാൽ ശതമാനത്തോളം വർധനവരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

തൊഴിൽ നിരക്കിൽ കാര്യമായ വർധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകർന്നിട്ടുണ്ട്. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തിൽനിന്ന് മറികടക്കാനായി. തൊഴിൽമേഖലയിൽ ഉണർവുണ്ടായി. ഈ സാഹചര്യത്തിൽ സമ്പദ്ഘടനയ്ക്ക് നിലവിൽ നയപിന്തുണയുടെ ആവശ്യമില്ലെന്നാണ് ജെറോ പവലിന്റെ നിലപാട്. രണ്ടുവർഷം മുമ്പ് നടപ്പാക്കിയ കോവിഡനന്തര നയങ്ങളിൽനിന്ന് പുറത്തുകടക്കേണ്ട സമയമായെന്ന് അദ്ദേഹം പ്രതികരിച്ചു. 

ആഗോളതല-പ്രാദേശിക തലങ്ങളിൽ വിലക്കയറ്റ സൂചിക ഉയരുന്നതിനാൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരക്ക് വർധനക്ക് തയ്യാറാകും. ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താൻ റിസർവ് ബാങ്കും നിർബന്ധിതമാകും. അടുത്തവർഷത്തോടെ നിക്ഷേപ-വായ്പ പലിശയിൽ വർധനവുണ്ടാകുമെന്ന് അതോടെ ഉറപ്പായി.