കയറ്റുമതി ഇടിയുന്നു: വളര്‍ച്ചയെ ബാധിച്ചേക്കാം, പ്രതിസന്ധി രൂക്ഷമാകുമോ?


By ഡോ.ആന്റണി

2 min read
Read later
Print
Share

കയറ്റുമതിയിലെ ഇടിവ് നിര്‍മാണ-ഉത്പാദന മേഖലകളെയാണ് പ്രധാനമായും ബാധിക്കുക. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ പിന്നോട്ടടിക്കാനത് ഇടയാക്കും. വളര്‍ച്ചയെ കാര്യമായി ബാധിക്കുകയും ചെയ്യും.

പ്രതീകാത്മകചിത്രം

തിരുപ്പൂരിലെ റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാവായ ശരവണന് കഷ്ടകാലമാണ്. ഇടയ്‌ക്കൊന്ന് ഉയര്‍ന്ന വസ്ത്ര കയറ്റുമതി ഈയിടെ തുടര്‍ച്ചയായി താഴുകയാണ്. യു.കെ, യൂറോപ്പിന്റെ ഇതര ഭാഗങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് ആവശ്യം കുറഞ്ഞതാണ് വ്യാപാരത്തെ ബാധിച്ചതെന്ന് അദ്ദേഹം പറയുന്നു. പുതിയ സാമ്പത്തിക വര്‍ഷമെങ്കിലും സ്ഥിതിമെച്ചപ്പെടുന്നമെന്ന പ്രതീക്ഷയും ഇതോടെ മങ്ങി.

രാജ്യത്തെ മൊത്തം കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനമാണ് താഴ്ന്നത്. മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്. മൊത്തം കയറ്റുമതി മൂല്യം 2.86 ലക്ഷം കോടി രൂപ (34.66 ബില്യണ്‍ ഡോളര്‍)യായി കുറഞ്ഞു. വ്യാപാര കമ്മി ഉയര്‍ത്തുന്ന ഭീഷണി ഒരുവശത്ത്, രാജ്യത്തെ വളര്‍ച്ച സംബന്ധിച്ച ആശങ്ക മറുവശത്ത്. തൊഴില്‍ ഉള്‍പ്പടെയുള്ള മേഖലകളും ഇതോടെ പ്രതിസന്ധി നേരിടുകയാണ്.

വളര്‍ച്ചയ്ക്ക് ഭീഷണി
കയറ്റുമതിയിലെ ഇടിവ് നിര്‍മാണ-ഉത്പാദന മേഖലകളെയാണ് പ്രധാനമായും ബാധിക്കുക. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ പിന്നോട്ടടിക്കാനത് ഇടയാക്കും. വളര്‍ച്ചയെ കാര്യമായി ബാധിക്കുകയും ചെയ്യും. ആഭ്യന്തര ഡിമാന്റ് വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. വികസിത വിപണികളിലെ മാന്ദ്യത്തെതുടര്‍ന്നുണ്ടാകുന്ന ഡിമാന്റിലെ ഇടിവ് ജിഡിപിയെ ബാധിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.5ശതമാനത്തില്‍ നിലനിര്‍ത്താന്‍ പാടുപെടേണ്ടിവരുമെന്ന് ചുരുക്കം. എല്‍ നിനോയുടെ ആഘാതം, യുഎസിലെയും യൂറോപ്പിലെയും ബാങ്കിങ് പ്രതിസന്ധി എന്നിവയും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ഇടിവിന്റെ മൂലകാരണം
രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകള്‍ വിലകുറഞ്ഞ ക്രൂഡ് ഓയില്‍ റഷ്യയില്‍നിന്ന് വന്‍തോതില്‍ ശേഖരിച്ചതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിനായി. പെട്രോളിയും ഉത്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റി അയക്കാന്‍ അതിലൂടെ ഇന്ത്യക്കായി. പിന്നീട് കണ്ടത് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതാണ്. അതോടെ രാജ്യത്തുനിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യത്തിലും ഇടിവു(17.64%)ണ്ടായി. സമസ്ത കയറ്റുമതി മേഖലകളിലും അതോടൊപ്പം ഏപ്രിലില്‍(11.49%) ഇടിവ് രേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമാണ് തിരൂപ്പുരിലും ഉണ്ടായത്.

ബാധിച്ചത് ഈ മേഖലകളെ
തുണിത്തരം, തുകല്‍, രത്‌നങ്ങള്‍, ആഭരണം, വ്യവസായിക ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള തൊഴില്‍ മേഖലകളാണ് പ്രതിസന്ധി നേരിടുന്നത്. ഈ മേഖലകളിലെ കയറ്റുമതി കഴിഞ്ഞ അഞ്ച് മാസവും ഇടിവ് നേരിട്ടു. സേവന മേഖലയിലുണ്ടായ കുതിപ്പ് മാത്രമാണ് ആശ്വാസം. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനം മുതല്‍ (ടൂറിസം ഉള്‍പ്പടെയുള്ള) സേവന മേഖല മുന്നേറ്റം നടത്തി. യുഎസ്, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളേക്കാള്‍ മൂന്നേറാന്‍ സേവന മേഖലയില്‍ ഇന്ത്യക്കായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി രണ്ടാം പാദത്തിലെ 3.7 ശതമാനത്തില്‍നിന്ന് 2.2 ശതമാനമായി കുറയ്ക്കാന്‍ ഇത് സഹായകരമായി.

പിടിച്ചുകയറാന്‍ ഈവഴികള്‍
ആഗോളതലത്തില്‍ വിപണി കണ്ടെത്തുന്നതിനുള്ള പിന്തുണയും ജിഎസ്ടി ഇളവുമാണ് സര്‍ക്കാരില്‍നിന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. യുഎസിനെയും യൂറോപ്പിനെയും മാത്രം ലക്ഷ്യമിടാതെ മറ്റ് രാജ്യങ്ങളിലേയ്ക്കുകൂടി പടര്‍ന്നുകയറാന്‍ കഴിയണം(രാജ്യത്തെ കയറ്റമതി ഓര്‍ഡറുകളില്‍ 40ശതമാനവും ഏഴു രാജ്യങ്ങളില്‍നിന്നാണ്). കുറഞ്ഞ ചെലവില്‍ മൂലധനം സമാഹരിക്കാനുള്ള സാധ്യതകളും ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസകരമാകും. ആഗോളതലത്തില്‍ പലിശ നിരക്ക് വര്‍ധിച്ചത് ചെറുകിടക്കാരുടെ പണസമാഹരണ ചെലവുകള്‍ കൂടാനിടയാക്കിയിരുന്നു.

പ്രതീക്ഷയ്ക്ക് വകയുണ്ടോ?
പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള ഡിമാന്റിനെ ഇനിയും ബാധിക്കാനാണിട. രണ്ടോ മൂന്നോ മാസംകൂടി സമ്മര്‍ദം തുടര്‍ന്നേക്കും. ജൂലായ് മുതല്‍ ന്യൂഇയര്‍ വരെയുള്ള ഉത്സവകാല ഓര്‍ഡറുകളോടെ കയറ്റുമതിയില്‍ കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ചൈനയുടെ തിരിച്ചുവരവും പ്രതീക്ഷയോടെയാണ് കയറ്റുമതിക്കാര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍നിന്ന് ചൈനയിലേയ്ക്ക് വര്‍ഷങ്ങളായി കാര്യമായ കയറ്റുമതിതന്നെ നടക്കുന്നുണ്ട്. ഏപ്രിലിലെ കണക്കുപ്രകാരം നാലാമത്തെ വലിയ കയറ്റുമതി കേന്ദ്രമായിരുന്നു ചൈന.

Content Highlights: Exports fall: May impact GDP

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented