മുംബൈ: സെപ്റ്റംബറിൽ രാജ്യത്തുനിന്നുള്ള കയറ്റുമതി 21.35 ശതമാനം ഉയർന്ന് 3344 കോടി ഡോളറി(2.48 ലക്ഷം കോടി രൂപ)ലെത്തി. 2020 സെപ്റ്റംബറിലിത് 2756 കോടി ഡോളറും 2019-ൽ 2602 കോടി ഡോളറുമായിരുന്നു. എൻജിനിയറിങ് ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ വർധനയാണ് നേട്ടത്തിനു പിന്നിലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഇറക്കുമതി 84.75 ശതമാനം ഉയർന്ന് 5638 കോടി (4.19 ലക്ഷം കോടി രൂപ) ഡോളറായി. 2020 സെപ്റ്റംബറിലിത് 3052 കോടി ഡോളറും 2019-ൽ 3769 കോടി ഡോളറുമായിരുന്നു. ഇതോടെ വ്യാപാരക്കമ്മി 750 ശതമാനം ഉയർന്ന് 2294 കോടി (1.70 ലക്ഷം കോടി രൂപ) ഡോളറിലെത്തി.

നടപ്പുസാമ്പത്തികവർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ആകെ വ്യാപാരക്കമ്മി 7881 കോടി (5.86 ലക്ഷം കോടി രൂപ) ഡോളർ ആയിട്ടുണ്ട്. ഏപ്രിൽ- സെപ്റ്റംബർ കാലത്ത് കയറ്റുമതി മുൻവർഷത്തെ 12,561 കോടി ഡോളറിനെക്കാൾ 56.92 ശതമാനം വർധിച്ച് 19,711 കോടി ഡോളറിലെത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ എൻജിനിയറിങ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 36.7 ശതമാനത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടേത് 39.32 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. അതേസമയം, മരുന്നുകളുടെയും മരുന്നുത്പന്നങ്ങളുടെയും കയറ്റുമതിയിൽ 8.47 ശതമാനം ഇടിവുണ്ടായി. പെട്രോളിയം, അസംസ്കൃത എണ്ണ-അനുബന്ധ ഉത്പന്നങ്ങളുടെ ഇറക്കുമതി 200 ശതമാനം ഉയർന്നു.

സ്വർണം ഇറക്കുമതി എട്ടുമടങ്ങ് വർധിച്ചു
സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 658 ശതമാനം വർധന. ഉത്സവകാലവും ആഭ്യന്തര വിപണിയിൽ വിലകുറഞ്ഞതുമാണ് ഇറക്കുമതി കൂടാൻ കാരണമായത്. 91 ടൺ സ്വർണമാണ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയത്. 2020 സെപ്റ്റംബറിലിത് 12 ടൺ മാത്രമായിരുന്നു. മൂല്യത്തിൽ മുൻവർഷത്തെ 60.1 കോടി ഡോളറിൽനിന്ന് 511 കോടി ഡോളറായാണ് വർധന. ആറുമാസത്തെ കുറഞ്ഞ നിലവാരത്തിലാണ് സ്വർണവിലയിപ്പോൾ.