ധനമന്ത്രി നിർമല സീതാരാമൻ ‘മിനി ബജറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരുകൂട്ടം പ്രഖ്യാപനങ്ങൾ നടത്തിയതിന് രണ്ടു ദിവസം മുമ്പാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ സർക്കാരിൽനിന്ന് ഉത്തേജക പദ്ധതികളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചത്. പ്രത്യക്ഷത്തിൽ രണ്ടുപേരും നൽകിയ സന്ദേശങ്ങൾ വ്യത്യസ്തമാണെന്നു തോന്നാം. പക്ഷേ, സാമ്പത്തിക ഉപദേഷ്ടാവ് നൽകിയ സൂചനകൾ ലംഘിച്ച് യാതൊന്നുംതന്നെ ധനകാര്യ മന്ത്രി ചെയ്തിട്ടില്ല.
ലാഭം സ്വകാര്യവും നഷ്ടം പൊതുവായതുമായി കാണുന്ന രീതി ശരിയല്ലെന്നും പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങൾക്ക് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നത് ധാർമികമായി തെറ്റാണെന്നുമാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞത്. അതായത് ചെലവ് വർധിക്കുന്നതിനോ ധനക്കമ്മി കൂടുന്നതിനോ വഴിവെയ്ക്കുന്ന ഉത്തേജക പദ്ധതികൾക്ക് രൂപം നൽകാൻ സർക്കാർ തയ്യാറല്ല.
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലും ധനക്കമ്മി ഉയരുന്നതിന് കാരണമാകാവുന്ന യാതൊരു ഇളവും നൽകിയിട്ടില്ല. വാഹന വില്പന വർധിക്കുന്നതിന് സഹായകമാകും വിധം വാഹന മേഖലയ്ക്ക് നികുതി ഇളവ് നൽകണമെന്നതാണ് ഈയിടെയായി വ്യവസായ രംഗത്തുനിന്ന് ഉയരുന്ന ഒരു പ്രധാന ആവശ്യം. പക്ഷേ, സർക്കാരിന്റെ നികുതി വരുമാനം കുറയാൻ വഴിെവയ്ക്കുന്ന ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ കാലങ്ങളിൽ ധനക്കമ്മി അൽപ്പം കൂടിയാലും വിപണിക്ക് ഉത്തേജനം പകരുന്നതിലൂടെ ഡിമാൻഡും ഉപഭോഗവും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരുകൾ സ്വീകരിക്കാറുണ്ട്. അത്തരം പദ്ധതികൾ ഹ്രസ്വകാലാടിസ്ഥാനത്തിൽ രാജ്യത്തെ ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന്റെ സാമ്പത്തിക നിലയെ അധികച്ചെലവുകൾ പ്രതികൂലമായി ബാധിക്കും. ധനക്കമ്മി ഉയരുന്നത് വായ്പാ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. സർക്കാരിന്റെ ധനക്കമ്മി നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തിന് ചേരും വിധം അധികച്ചെലവുകൾ ഒഴിവാക്കാനാണ് ധനകാര്യ മന്ത്രി ജൂലായിൽ അവതരിപ്പിച്ച ബജറ്റിലും ശ്രദ്ധിച്ചത്. മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 3.3 ശതമാനമാണ് നടപ്പു സാമ്പത്തിക വർഷത്തിൽ സർക്കാർ ലക്ഷ്യമാക്കുന്ന ധനക്കമ്മി.
കരുതൽ ധനത്തിൽനിന്ന് റിസർവ് ബാങ്ക് നൽകുന്ന 1.76 ലക്ഷം കോടി രൂപ സർക്കാർ ഏതു തരത്തിൽ വിനിയോഗിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇത് ഉത്തേജക പദ്ധതികൾക്ക് വിനിയോഗിക്കുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നതെങ്കിലും ധനക്കമ്മി അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാരിന് എത്രത്തോളം അതിന് സാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ ധനക്കമ്മി 4.32 ലക്ഷം കോടി രൂപയാണ്. ഈ വർഷം മൊത്തത്തിൽ 7.04 ലക്ഷം കോടി രൂപയാണ് സർക്കാർ ബജറ്റ് ചെയ്തിരിക്കുന്ന ധനക്കമ്മി. ഇതിന്റെ 61.4 ശതമാനമാണ് ആദ്യ പാദത്തിലെ കമ്മി. അതായത് സർക്കാർ ബജറ്റ് ചെയ്ത ധനക്കമ്മി കൈവരിക്കാൻ സാധിക്കണമെങ്കിൽ ബാക്കിയുള്ള മൂന്ന് പാദങ്ങളിലെ ധനക്കമ്മി 2.72 ലക്ഷം കോടി രൂപയിൽ കവിയാൻ പാടില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ ധനക്കമ്മി 3.3 ശതമാനമായി പിടിച്ചുനിർത്തുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം തീർത്തും പ്രയാസകരമായ ദൗത്യമാണ്. ധനകാര്യ മന്ത്രി പ്രഖ്യാപിച്ച ’മിനി ബജറ്റി’ൽ പൊതുമേഖലാ ബാങ്കുകൾക്ക് സാമ്പത്തിക ഉത്തേജനത്തിനുള്ള 75,000 കോടി രൂപ ഉടൻ ലഭ്യമാക്കുമെന്നും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ജി.എസ്.ടി. ഇനത്തിൽ തിരികെ നൽകാനുള്ള പണം 30 ദിവസത്തിനകം ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ തന്നെ സർക്കാർ അടിയന്തരമായി പണം കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാൻ സർക്കാർ ചെലവിലുള്ള കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനമില്ല.
വരവിനെക്കാൾ ചെലവിലുള്ള ആധിക്യം 7.04 ലക്ഷം കോടി രൂപയായി നിജപ്പെടുത്താൻ ആയാസപ്പെടുന്ന സർക്കാരിന് ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കാനുള്ള സാമ്പത്തിക ആരോഗ്യമില്ലെന്നതാണ് വാസ്തവം.
aravindkraghav@gmail.com