1950-51 സാമ്പത്തിക വര്‍ഷത്തിലാണ് ആദ്യമായി സാമ്പത്തിക സര്‍വെ ബജറ്റ് സെഷന്റെ ആദ്യദിവസം അവതരിപ്പിക്കാന്‍ തുടങ്ങിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാണ് ധനകാര്യവകുപ്പ് സര്‍വെ തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും ഭാവിയിലേയ്ക്കുള്ള കാഴ്ചപ്പാടുമാണ് സര്‍വെയിലുള്ളത്. ഇത്തവണത്തെ സാമ്പത്തിക സര്‍വെയിലെ പ്രധാന കണ്ടെത്തലുകള്‍ അറിയാം.
- 2021-22 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ഥ വളര്‍ച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോമിനല്‍ ജിഡിപി 15.4ശതമാനമാകുമെന്നും.
- വി ആകൃതിയിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തില്‍ 23.9ശതമാനം ചുരുങ്ങിയതിനുശേഷം മൂന്നാം പാദത്തില്‍ നെഗറ്റീവ് 7.5ശതമാനമായി.
- കറന്റ് അക്കൗണ്ട് മിച്ചം ജിഡിപിയുടെ രണ്ട് ശതമാനമാകുമെന്നാണ് പ്രതീക്ഷ. 17 വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്.
- രാജ്യത്ത വിദേശനാണ്യകരുതല്‍ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 586.1 ബില്യണ്‍ ഡോളറാണ്.
- നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന് ക്രഡിറ്റ് റേറ്റിങ് ആണ് ഭാവിയില്‍ പ്രതീക്ഷിക്കുന്നത്.
- ലോകമെമ്പാടുമുള്ള വിപണികളില്‍ അടുത്തയിടെയുണ്ടായ റാലി രാജ്യത്തിനും ഗുണകരമായി. ഇന്ത്യയുടെ വിപണിമൂല്യം-ജിഡിപി അനുപാതം ആദ്യമായി 100ശതമാനംകടന്നു.
- മൂന്നുമാസം തുടര്‍ച്ചയായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ മറികടന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം ഇതാദ്യമായി 2020 ഡിസംബറില്‍ വരുമാനത്തില്‍ റെക്കോഡിട്ടു.
- 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയെത്തിയ വിദേശ നിക്ഷേപം 49.98 ബില്യണ്‍ ഡോളറാണ്. 2019ലാകട്ടെ നിക്ഷേപം 44.37 ബില്യണ്‍ ഡോളറായിരുന്നു. 2020 സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് 30 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യയിലെത്തിയത്.
- കോവിഡ് വ്യാപനത്തിനിടയിലും സ്റ്റാര്‍ട്ടപ്പുകളിലേയ്ക്ക് നിക്ഷേപം ഒഴുകി. 12 കമ്പനികളാണ് യുണികോണ്‍(ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള)പട്ടികയില്‍ ഇടംനേടിയത്.
- 2007ല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ സൂചിക ആരംഭിച്ചതിനുശേഷം 2020ല്‍ ഇതാദ്യമായി 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയുമെത്തി. മധ്യ, ദക്ഷിണ ഏഷ്യയില്‍ ഒന്നാംസ്ഥാനത്തുമെത്തി. മുന്‍നിരയിലുള്ള 10 സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോള്‍ ഗവേഷണ-വികസനമേഖലയില്‍ വ്യാപാരമേഖലയുടെ പങ്കാളിത്തംകുറവാണ്. ഗവേഷണ-വികസനമേഖലയില്‍ സര്‍ക്കാരാണ് പണംചെലവഴിക്കുന്നത്.
- മൊറട്ടോറിയം അവസാനിച്ചാല്‍ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്ന് സര്‍വെ നിര്‍ദേശിക്കുന്നു. വായ്പകള്‍ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സര്‍വെ ചൂണ്ടിക്കാണിക്കുന്നു.