പുതുതായി രൂപീകരിക്കപ്പെട്ട പണനയ സമിതി, പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.  കഴിഞ്ഞ അഞ്ചുമാസം തുടര്‍ച്ചയായി വിലക്കയറ്റ നിരക്ക് 6 ശതമാനത്തിനു മുകളിലായതിനാല്‍ ഇതില്‍ അത്ഭുതമില്ല. 

വിലക്കയറ്റനിരക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യംമുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ പണനയ സമിതിക്ക് പലിശ നിരക്കുകുറയ്ക്കാന്‍ കഴിയുമായിരുന്നില്ല. ആഭ്യന്തര സാമ്പത്തികരംഗം ഏറ്റവുംപ്രയാസകരമായ മാന്ദ്യത്തിലൂടെ പോകുന്നതിനാല്‍ ആവശ്യമുള്ളകാലത്തോളം പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാതെ റിസര്‍വ് ബാങ്ക് ഉദാരനയം തുടരും.

പലിശനിരക്കില്‍ മാറ്റംവരുത്തിയില്ലെങ്കിലും രാജ്യത്ത് വായ്പാ വളര്‍ച്ചയുണ്ടാക്കുന്നതിനും റിസ്‌കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം ഇല്ലാതാക്കുന്നതിനുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മറ്റുപല പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. ഉദാര വ്യവസ്ഥയില്‍ ദീര്‍ഘകാലത്തേക്ക് (TLTRO) ഒരു ലക്ഷംകോടി രൂപമൂല്യമുള്ള സഹായമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് എത്തുന്നപണം കോര്‍പറേറ്റ് ബോണ്ടുകള്‍ക്കും വ്യാപാരരംഗത്ത് പ്രത്യേക മേഖലകളില്‍ ഇറക്കുന്ന, വളര്‍ച്ച പെരുകുന്നതും മാറ്റാനാവാത്തതുമായ  കടപ്പത്രങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്. 

എല്ലാ പുതിയ ഭവന വായ്പകളുടേയും റിസ്‌ക് കുറയ്ക്കുന്നതിന് റിസര്‍വ് ബാങ്ക് അവയുടെ ഘടന യുക്തി ഭദ്രമാക്കിയിട്ടുണ്ട്. 2022 മാര്‍ച്ച 31വരെ ഇത്തരം വായ്പകള്‍ അവയുടെ മൂല്യഅനുപാതവുമായി (LTV) മാത്രം ബന്ധിപ്പിച്ചു. 

കൂടുതല്‍ വായ്പകള്‍ നല്‍കാന്‍  ഇതുപോലുള്ള  നടപടികള്‍ ബാങ്കുകളെ പ്രേരിപ്പിക്കുമോ എന്നതാണ് ചോദ്യം. അതോ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ഭീതി തുടര്‍ന്നും ബാങ്കിംഗ് മേഖലയെ വേട്ടയാടുമോ ? ലോണ്‍ മോറട്ടോറിയത്തിന്റെ കാര്യത്തിലുണ്ടായ സുപ്രിം കോടതി വിധിക്ക് ഈഘട്ടത്തില്‍ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നുവേണം കരുതാന്‍.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കനത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ വായ്പാസൗകര്യം അനുവദിക്കുന്ന പദ്ധതി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് ചിലവുകള്‍ക്കുള്ള മുന്‍കൂര്‍ പണം (WMA) 1.25 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.  സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഇത്തരം മുന്‍കൂര്‍ തുകയില്‍ വരുത്തിയ 60 ശതമാനം വര്‍ധന 2021 മാര്‍ച്ച് 31വരെ നീട്ടുകയുംചെയ്തു. 

ഓഹരി വിപണിയിലെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ അമിതമായ വിതരണം ബോണ്ട് യീല്‍ഡുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.  ഈ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി 20,000 കോടി രൂപയുടെ തുറന്ന വിപണി പ്രവര്‍ത്തനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിയില്‍നിന്ന് കുറഞ്ഞ ചിലവില്‍ വായ്പകള്‍നേടാന്‍ കഴിയുമെന്നതുകൊണ്ട് ബോണ്ട് യീല്‍ഡിലെപതനം സ്വകാര്യ മേഖലയ്ക്ക് ഗുണകരമാണ്. 

സംസ്ഥാന സര്‍ക്കാരുകളുടെ വായ്പയെടുപ്പ് സുഗമമാക്കുന്നതിന് സംസ്ഥാന വികസന വായ്പകളില്‍ (SDL) പ്രത്യേക പരിഗണനനല്‍കി തുറന്ന വിപണി പ്രവര്‍ത്തനം (OMO) നടപ്പാക്കുമെന്നും ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.   സര്‍ക്കാരുകള്‍ വിപണിയില്‍ നിന്നുള്ള വായ്പയെടുപ്പ് വര്‍ധിപ്പിച്ചതിനാല്‍ യീല്‍ഡുകള്‍ പരിധിവിടാതെ നോക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കാം.

2021 സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനം ചുരുങ്ങുമെന്നും ഇതേവര്‍ഷം നാലാം പാദം മുതല്‍ വളര്‍ച്ച അനുകൂലമാകുമെന്നും ആര്‍ബിഐ കരുതുന്നു. സാമ്പത്തിക രംഗത്ത് പുതിയ തളിരുകള്‍ കാണാനുണ്ടെങ്കിലും സാമ്പത്തികമേഖല വീണ്ടെടുപ്പിന്റെ പാതയിലാണെന്നു ഇനിയും പറയാറായിട്ടില്ല. 

2021 സാമ്പത്തികവര്‍ഷം നാലാംപാദം മുതല്‍ നാണയപ്പെരുപ്പം ലക്ഷ്യത്തിനടുത്താവുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ. പ്രാദേശിക ലോക്ഡൗണുകള്‍ കാരണം വിതരണ ശൃംഖലയിലുണ്ടായ തടസമാണ് ഇപ്പോള്‍ വിലക്കയറ്റ നിരക്കു വര്‍ധിക്കാന്‍ കാരണം. ഇക്കാര്യത്തില്‍  സാധാരണനില പുനസ്ഥാപിക്കപ്പെടുന്നതുവരെ വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദം നിലനില്‍ക്കും.

നിരക്കുകള്‍ കുറച്ചത് ഗുണമുണ്ടാക്കിയിട്ടുണ്ട്, വിപണിയില്‍ ആവശ്യത്തിനു പണമെത്തി. മറ്റുകാര്യങ്ങളിലായിരിക്കണം ഇനിയുള്ള ശ്രദ്ധ. ഇതാണ് ഏറ്റവും പുതിയ ദ്വൈമാസ യോഗത്തില്‍ പണനയ സമിതി ഉചിതമായി നിര്‍വഹിച്ചത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)