കോവിഡ്: എത്രപേർ മരിച്ചു|ധനവിചാരം


ഡോ.ടി.എം. തോമസ് ഐസക്‌ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രത്യക്ഷ കോവിഡ് മരണങ്ങളുടേതല്ല. മറിച്ച്, കോവിഡുകാലത്തെ അധികമരണങ്ങളുടേതാണ്. ഇതിനുപയോഗപ്പെടുത്തുന്നത് അതതു രാജ്യങ്ങളിലെ ജനനമരണ രജിസ്റ്ററുകളാണ്

Photo:ANI

കോവിഡുകാരണം ഇന്ത്യയിൽ എത്ര പേർ മരിച്ചു? കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4.8 ലക്ഷം. ലോകാരോഗ്യ സംഘടനയുടെ മതിപ്പു കണക്കുപ്രകാരം 47 ലക്ഷം. സർക്കാർ പറയുന്നതിന്റെ പത്തുമടങ്ങ്. ഏതാണു ശരിയെന്നത് ഒരു അന്തർദേശീയ നയതന്ത്ര പ്രശ്നമായിട്ടുണ്ട്. അത്രയ്ക്കു രൂക്ഷമായാണ് ഇന്ത്യൻ സർക്കാർ പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ബോധപൂർവമുള്ള ശ്രമമായിട്ടാണ് ലോകാരോഗ്യസംഘടനാ റിപ്പോർട്ടിനെ സർക്കാർ കാണുന്നത്.

ആഗോളപ്രതിഭാസം

ലോകത്ത് എല്ലാ രാജ്യത്തും ഔദ്യോഗിക കണക്കിനെക്കാൾ അധികമരണം ഉണ്ടായിട്ടുണ്ട്. 2020-’21-ൽ സർക്കാരുകളുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം കോവിഡ് മരണം 55 ലക്ഷം ആണ്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം അധികമരണം 1.5 കോടി ആണ്. യഥാർഥത്തിൽ അവരുടെ തിരുത്തലോടെ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ബ്രസീലിലെയും മറ്റും അനുപാതത്തിലേക്ക് ഉയരുക മാത്രമേ ഉണ്ടായിട്ടുള്ളൂ. ലോകത്തുനടന്ന അധികമരണത്തിന്റെ 32 ശതമാനം ഇന്ത്യയിലാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഇത്ര കോപം.

കോവിഡുകാലത്തെ അധികമരണങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രത്യക്ഷ കോവിഡ് മരണങ്ങളുടേതല്ല. മറിച്ച്, കോവിഡുകാലത്തെ അധിക മരണങ്ങളുടേതാണ്. ഇതിനുപയോഗപ്പെടുത്തുന്നത് അതതു രാജ്യങ്ങളിലെ ജനനമരണ രജിസ്റ്ററുകളാണ്. മുൻവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ കോവിഡ് വർഷങ്ങളിൽ സാധാരണഗതിയിൽ മരിക്കാവുന്നവരുടെ എണ്ണം ഗണിച്ചെടുക്കാം. പിന്നെ കോവിഡുകാലത്തെ രജിസ്റ്റർ പ്രകാരം എത്ര പേർ മരിച്ചെന്നും കണക്കെടുക്കാം.

മേൽപ്പറഞ്ഞ രണ്ടു കണക്കുകളും കിട്ടിയാൽ കോവിഡ്‌ കാലത്ത് എത്ര അധികമരണം നടന്നെന്നു കണക്കു കൂട്ടിയെടുക്കാം.

സർക്കാരിന്റെ വിമർശനം

മതിപ്പു കണക്കുകൂട്ടലിന്റെ രീതിസമ്പ്രദായത്തെത്തന്നെ സർക്കാർ ചോദ്യം ചെയ്തിരിക്കുകയാണ്. ജനനമരണ രജിസ്റ്ററുകൾ അപൂർണമാണ്. അധിക മരണം കോവിഡ് കൊണ്ടാകാം, മറ്റു കാരണങ്ങൾ കൊണ്ടുമാകാം. ലോകാരോഗ്യസംഘടന ഈ വസ്തുത കണക്കിലെടുക്കുന്നില്ല. എന്നു മാത്രമല്ല, ഇന്ത്യയുടെ കാര്യത്തിൽ 17 സംസ്ഥാനങ്ങളുടെ രജിസ്റ്ററുകളേ ലഭ്യമായിട്ടുള്ളൂ. 40 ശതമാനം ജനസംഖ്യ ഈ സംസ്ഥാനങ്ങൾക്കു പുറത്താണ്. ഇന്ത്യയിൽ ആരോഗ്യസ്ഥിതിയിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് മതിപ്പുകണക്ക് ശരിയാകണമെന്നില്ല.

എന്താണ് കോവിഡ് മരണം?

കോവിഡ് വന്ന് എത്രനാളുകൾക്കുള്ളിൽ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും? മറ്റു രോഗങ്ങൾമൂലമാണെങ്കിലും കോവിഡ് രോഗി മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമോ? ഏതെല്ലാം രോഗങ്ങളെ ഇങ്ങനെ പരിഗണിക്കാം? തുടങ്ങിയവ സംബന്ധിച്ച നിർവചനത്തെ ആശ്രയിച്ചിരിക്കും കോവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക്.

കേരളത്തിൽപ്പോലും നിർവചനം മാറ്റിയപ്പോൾ ഔദ്യോഗിക മരണസംഖ്യ വർധിച്ചത് വലിയ വിവാദമായല്ലോ. ആശുപത്രിക്കു പുറത്തു നടക്കുന്ന മരണങ്ങളിൽ ക്ലിനിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലല്ല മരണ കാരണം സർട്ടിഫൈ ചെയ്യുന്നത്. ഇതും ഔദ്യോഗിക കണക്കിനെ താഴ്ത്തുന്നു. മാത്രമല്ല, കോവിഡ് കാലത്തെ സാധാരണ മരണങ്ങളിൽ പലതും അക്കാലത്തെ ആരോഗ്യ സംവിധാനത്തിലെ തിരക്കുകാരണം മതിയായ ശ്രദ്ധ ലഭിക്കാതെ പോയതുകൊണ്ടുമാവാം.

അന്തർദേശീയ അംഗീകൃത രീതി

മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് ഔപചാരിക മരണ കാരണത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള കോവിഡ് മതിപ്പു കണക്കുകളെയാണ് കൂടുതൽ നിജമായ സ്ഥിതിവിവരക്കണക്കുകളായി അന്തർദേശീയതലത്തിൽ അംഗീകരിക്കുന്നത്. ജനസംഖ്യാ ശാസ്ത്രത്തിൽ പതിവായി ഉപയോഗിക്കുന്ന രീതികളാണിവ.

ഇതിലേറ്റവും പ്രസിദ്ധം 1950-കളിലെ ചൈനീസ് ക്ഷാമത്തിലെ അധിക മരണത്തെക്കുറിച്ച് പ്രൊഫ. അമർത്യാ സെൻ ചൈനീസ് കാനേഷുമാരി കണക്കുകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കിയതാണ്. അന്നു വലിയ കോളിളക്കം സൃഷ്ടിച്ച ഈ വിശകലനത്തെ ഇന്ന് ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നുണ്ട്.

കേരളത്തിലെ കണക്ക്

കേരളത്തിന്റെ അനുഭവം കൗതുകകരമാണ്. കോവിഡിന്റെ ആദ്യവർഷം കേരളത്തിലെ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം കുറയുകയാണു ചെയ്തത്. ഇതിനു കാരണമായിട്ടു ചൂണ്ടിക്കാണിക്കുന്നത് ലോക്ഡൗൺമൂലം റോഡപകടങ്ങൾ ഗണ്യമായി കുറഞ്ഞതാണ്. എന്നാൽ, രണ്ടാംവർഷം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നു. നിർവചനത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ട മരണങ്ങളെ കോവിഡ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടിയും വന്നു. എന്നിട്ടും കേരളത്തിലും അധിക മരണങ്ങൾ ഉണ്ടായി. ലോകാരോഗ്യ സംഘടനയുടെ രീതിസമ്പ്രദായത്തിൽ കണക്കെടുത്താൽ കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ 1.6 മടങ്ങേ അധികമരണം സംസ്ഥാനത്ത് ഉണ്ടായുള്ളൂ.

പൊതു ആരോഗ്യത്തിന്റെ പ്രാധാന്യം

ഇതിൽനിന്ന്‌ നാം പഠിക്കേണ്ട പാഠം പൊതു ആരോഗ്യസംവിധാനങ്ങളുടെ പ്രാധാന്യമാണ്. 2022-ൽ കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. കാരണം ലളിതമാണ്. ഒന്നാംവ്യാപനത്തിൽ വളരെ ചിട്ടയായ സാമൂഹികനിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയൊരു ശതമാനം ആളുകൾക്കേ കോവിഡ് വന്നുള്ളൂ. എന്നാൽ, പ്രതിപക്ഷത്തിന്റെ സമരപരിപാടികളും എല്ലാവരുടെയും തിരഞ്ഞെടുപ്പ്‌പ്രചാരണവും ചേർന്നപ്പോൾ ഈ സാമൂഹികനിയന്ത്രണങ്ങൾ ദുർബലമായി. എന്നാൽ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 2022-ലെ ആദ്യമാസങ്ങളിലെ രണ്ടാം വ്യാപനകാലത്ത് ഉണ്ടായതുപോലെ കേരളത്തിലെ ആരോഗ്യ സംവിധാനം തകർന്നില്ല. ഇന്ത്യയെ അപേക്ഷിച്ച് മരണസംഖ്യ വളരെ താഴ്ന്നുതന്നെ തുടർന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ അധികമരണം ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറിയത്.

കണ്ണാടിയെ പഴിക്കണ്ട

കേന്ദ്ര സർക്കാരിന്റെ ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവര കണക്കുകളോടുള്ള പ്രതികരണം ഒരു പൊതുസമീപനമായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങൾക്കു ഹിതകരമല്ലാത്ത നിഗമനങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെങ്കിൽ പിന്നെ കണക്കുകളെ തന്നെ തള്ളിപ്പറയുക എന്നുള്ളത് ഇന്ത്യാ സർക്കാരിന്റെ ശീലമായിമാറിയിട്ടുണ്ട്.

ഇതിന് ഏറ്റവും നല്ല ഉദാഹരണം 2017-’18-ലെ ഉപഭോക്തൃ സർവേയാണ്. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ജനങ്ങളുടെ ഉപഭോഗം കേവലമായി കുറഞ്ഞു. ഈ സർവേ പിന്നെ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുപോലെ തന്നെ 2017-’18-ലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. അതോടെ എൻ.എസ്.ഒ.യുടെ തൊഴിൽ സംബന്ധിച്ച സാംപിൾ സർവേതന്നെ വേണ്ടെന്നുെവച്ചു. ഇതിനുപകരം ഇപ്പോൾ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയാണ്.

ഏതാനും മാസംമുമ്പ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾ ജനനമരണ രജിസ്റ്ററിലെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിനും അവ ദേശീയതലത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനും കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന നിയമം പാസാക്കുന്നതിനെക്കുറിച്ച് പത്ര റിപ്പോർട്ടുകൾ കണ്ടപ്പോൾ ഇത്രയും കരുതിയില്ല. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ, അത് കോവിഡ്‌ ദുരന്തത്തെ മറച്ചുെവക്കാനുള്ള നീക്കമായിരുന്നുവെന്നുവേണം ഇപ്പോൾ കരുതാൻ. മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ടു കാര്യമില്ല.

Content Highlights: COVID: How many people died?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented