2021 ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ഒരു ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 

ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം എക്കാലത്തുമുള്ള പ്രശ്നമാണെങ്കിലും കോവിഡ് 19 മഹാമാരിയുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ അടച്ചിടലുകളും തുടർന്ന് ആർ.ബി.ഐ. പ്രഖ്യാപിച്ച മൊറോട്ടോറിയവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിഷ്‌ക്രിയ ആസ്തികൾ ഈ വർഷം കൂടുമെന്ന ബാങ്കുകളുടെ റിപ്പോർട്ട് ബാഡ് ബാങ്കെന്ന ആശയത്തിന്റെ പ്രസക്തി വർധിപ്പിച്ചു. 

എന്താണ് ബാഡ് ബാങ്ക്?
ബാങ്കുകളിൽനിന്ന് കിട്ടാക്കടം അല്ലെങ്കിൽ നിഷ്‌ക്രിയ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുംവേണ്ടി സ്ഥാപിക്കുന്ന ധനകാര്യസ്ഥാപനമാണ് ബാഡ് ബാങ്ക്. ലളിതമായി പറഞ്ഞാൽ, യഥാർഥത്തിൽ ഇതൊരു ബാഡ് ബാങ്കല്ല. ആസ്തി പുനർനിർമാണ സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് നിഷ്‌ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള ഒരുസ്ഥാപനം. 

നിഷ്‌ക്രിയ ആസ്തികൾ വാങ്ങി ബാലൻസ് ഷീറ്റ് ക്ലീനാക്കി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ തടസ്സം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. കിട്ടാക്കടത്തിന്റെ ഭാരം ബാങ്കുകളിൽ നിന്ന് ഈ സ്ഥാപനം ഏറ്റെടുക്കുന്നു. ബാഡ് ബാങ്ക് പിന്നീട് നിഷ്‌ക്രിയ ആസ്തികൾ പുനക്രമീകരിച്ച് വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകർക്ക് വിൽക്കുന്നു.
  
ബാഡ് ബാങ്ക് ബാങ്കുകളിൽനിന്ന് വാങ്ങുന്ന നിഷ്‌ക്രിയ ആസ്തികൾ കൂടുതൽ വിലക്ക് നിക്ഷേപകർക്ക് വിറ്റ് ലാഭമുണ്ടാക്കുന്നു. കിട്ടാക്കടത്തിന്റെ ഭാരത്തിൽനിന്ന് ബാങ്കുകളെ മോചിപ്പിച്ച് ബാധ്യത കുറക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ലാഭമുണ്ടാക്കുകയല്ല.

പ്രതിസന്ധിയുടെ വ്യാപ്തി
2020 മാർച്ച് 31 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കുകൾ അനുസരിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റിലുള്ള നിഷ്‌ക്രിയ ആസ്തി ഏതാണ്ട് 9 ലക്ഷം കോടി രൂപയുടേതായിരുന്നു. രണ്ടു വർഷം മുമ്പ് ഇത് 10 ലക്ഷം കോടി രൂപയായിരുന്നു.
  
കുറച്ചുകാലമായി കിട്ടാക്കടം കുറഞ്ഞുവരുന്നുണ്ട്. ഇതിനു കാരണം കിട്ടാക്കടം തിരിച്ചടക്കുന്നതുകൊണ്ടല്ല മറിച്ച് വൻതോതിൽ എഴുതി തള്ളുന്നതുകൊണ്ടാണ്. പുതുതായി കിട്ടാക്കടം ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. 2015 ൽ ആർ.ബി.ഐ. അസറ്റ് ക്വാളിറ്റി റിവ്യൂ പ്രൊസീജർ തുടങ്ങിയതു മുതൽക്കാണ് ബാങ്കുകൾ കിട്ടാക്കടം എഴുതിതള്ളുന്നത് വർധിക്കാൻ തുടങ്ങിയത്. 2015-16 ൽ 70000 കോടി രൂപയുടെയും 2019-20 ൽ 2.4 ലക്ഷം കോടി രൂപയുടെയും കിട്ടാക്കടമാണ് എഴുതി തള്ളിയത്. 

പുതിയ കിട്ടാക്കടം കഴിഞ്ഞവർഷം രണ്ടുലക്ഷത്തിലധികവും അതിനു മുമ്പത്തെ വർഷം 1.4 ലക്ഷം കോടി രൂപയുടേതുമായിരുന്നു. അതിനാൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ദുരിതം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയാണ്. അടച്ചുപൂട്ടൽ കാരണം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി മൊത്തം അഡ്വാൻസിന്റെ 13.5 ശതമാനമായി സെപ്റ്റംബർ ആകുമ്പോഴേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 7.5 ശതമാനമായിരുന്നു.
 
നേട്ടങ്ങളും കോട്ടങ്ങളും
ബാഡ് ബാങ്ക് സ്ഥാപിക്കുന്നതിന്റെ ഫലമായി ബാങ്കുകളുടെയെല്ലാം കിട്ടാക്കടങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നതാണ് ഇതിനനുകൂലമായ ഒരു പ്രധാന വാദഗതി. ബാഡ് ബാങ്ക് എന്ന ആശയം അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുമ്പുതന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഇത് ട്രാപ്പ് (The troubled asset relief program) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2008ലെ ഭവന വായ്പാ പ്രതിസന്ധിക്കു ശേഷമാണ് അമേരിക്കയിൽ ഇതിനു തുടക്കം കുറിച്ചത്. ഇതു നമ്മുടെ ബാഡ് ബാങ്ക് ആശയവുമായി അടുത്തുനിൽക്കുന്നതാണ്. ട്രാപ്പ് വഴി യു.എസ്. ട്രഷറി, ശല്ല്യമായ ആസ്തികളെല്ലാം പ്രതിസന്ധിയുടെ മൂർധന്യത്തിൽ വാങ്ങുകയും പിന്നീട് കമ്പോള അന്തരീക്ഷം മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ വാങ്ങിയ ആസ്തികളല്ലൊം മറിച്ചുവിറ്റ് നാമമാത്രമായ ലാഭമുണ്ടാക്കുകയും ചെയ്തു.
   
കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിക്കുന്ന സ്ഥാപനത്തിന് ഏറെ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജനെപ്പോലുള്ളവർ പറയുന്നത് ഇത് വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുന്നതുപോലെയാണെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നതിന്റെ യുക്തിക്ക് അർത്ഥമില്ലെന്നുകൂടി അവർ വാദിക്കുന്നു. രണ്ടു സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത് ഒരേപ്രശ്നങ്ങൾ തന്നെയാണ്. പുതുതായി ഒരു സ്ഥാപനം ഉണ്ടാക്കുന്നത് കൂടുതൽ ചെലവിലേക്കും നയിക്കുന്നു.
  
സ്വകാര്യ മേഖലയിൽ ഒരു ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുപോലെയല്ല പൊതുമേഖലയിൽ സ്ഥാപിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. രണ്ടാമത്തേതിന് ആസ്തി വാങ്ങാൻ കൂടുതൽ പണം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ പൊതുമേഖലയിലെ ബാഡ് ബാങ്കിന് കുറഞ്ഞ വിലയ്ക്ക് ആസ്തികൾ വിറ്റ് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഇത് നികുതിദായകരുടെ മേൽ വീണ്ടും കൂടുതൽ ഭാരം വെച്ചുകെട്ടുന്നതിനെ സഹായിക്കുകയുള്ളൂ.

കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ?
പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധിയുടെ പിന്നിലെ പ്രധാന കാരണം അവയുടെ ഉടമസ്ഥാവകാശത്തിന്റെ സ്വഭാവമാണ് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ സാമ്പത്തിക പിൻബലമുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കുകൾ പോലെയല്ല പൊതുമേഖലാ ബാങ്കുകൾ. അവ നടത്തിക്കൊണ്ടുപോകുന്ന ബ്യൂറോക്രാറ്റുകൾക്ക് ലാഭമുണ്ടാക്കിയെ തീരൂവെന്ന പ്രതിബദ്ധതയൊന്നും ഉണ്ടാവില്ല. തകർച്ചയിൽനിന്ന് ബാങ്കുകളെ പണംകൊടുത്ത് ബാഡ് ബാങ്ക് വഴി രക്ഷപ്പെടുത്തുന്നത് കിട്ടാക്കട പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല. കൂടാതെ ഇത് വളരെ അപകട സാധ്യതകൾ ഉള്ള ഒന്നാണ്. ബാഡ് ബാങ്ക് പണം നൽകി സംരക്ഷിക്കപ്പെടുന്ന വാണിജ്യ ബാങ്കുകൾക്ക് അവർ ഇന്നു പിന്തുടരുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള കാര്യമായ വഴികളൊന്നും കാണുന്നില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ നിയന്ത്രണങ്ങളില്ലാതെ വീണ്ടും കടം കൊടുക്കുന്നതിന് ബാങ്കുകൾക്ക് പ്രചോദനമായി കൂടായ്കയില്ല. അത് കിട്ടാക്കട പ്രതിസന്ധിയെ കൂടുതൽ വലുതാക്കും.

വായ്പയുടെ ഒഴുക്കിനെ സഹായിക്കുമോ?
നിഷ്‌ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതോടെ ബാങ്കുകളിൽ കുടുങ്ങികിടക്കുന്ന 5 ലക്ഷം കോടിയിലധികംവരുന്ന തുക കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ബാങ്കുകൾക്ക് കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുവഴി ബാങ്കുകളുടെ മൂലധന മിച്ചം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞേക്കും. ബാങ്കുകകൾക്ക് വായ്പ നൽകുന്നതിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാൻ ഇത് ഉപകരിക്കും. 

ബാഡ് ബാങ്കിന്റെ രൂപീകരണം 
നടപ്പുവർഷത്തെ ബജറ്റിൽ നിർദ്ദേശിച്ച പുതിയ ആസ്തി പുനർനിർമാണ കമ്പനി പൊതുമേഖലാ ബാങ്കുകൾ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ബാങ്കുകളുടേതായ ആസ്തി പുനർനിർമാണ കമ്പനിക്ക് വലിയ സാധ്യതകൾ ഉണ്ടെന്നാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്. യഥാർഥത്തിൽ ഇതൊരു ബാങ്കല്ല, ആസ്തി പുനർനിർമാണ കമ്പനി പോലൊരു സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിന്ന് നിഷ്‌ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള സ്ഥാപനം.
    
നിർദ്ദിഷ്ട ബാഡ് ബാങ്കിൽ 11 ധനകാര്യ സ്ഥാപനങ്ങൾ ചേർന്നാണ് തുടക്കത്തിൽ നിക്ഷേപമിറക്കുക. ഒമ്പതു ബാങ്കുകളും രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് തയ്യാറായി വന്നിരിക്കുന്നത്. തുടക്കത്തിൽ ഒമ്പതു ശതമാനം ഓഹരികൾ വീതമാണ് ഈ സ്ഥാപനങ്ങൾ എടുക്കുകയെന്നറിയുന്നു. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ നിക്ഷേപം ഇറക്കിയേക്കാം. അപ്പോൾ വേണമെങ്കിൽ നിലവിലുള്ളവർക്ക് അവരുടെ ഓഹരികൾ ഒഴിവാക്കാം. കമ്പനിയെ സ്വകാര്യ മേഖലയിൽ നിലനിർത്താനാണ് ബാങ്കുകൾ പദ്ധതിയിടുന്നത്.
  
ബാഡ് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി എസ്.ബി.ഐ.യിലെ ചീഫ് ജനറൽ മാനേജരായ പദ്മകുമാർ എം. നായരെ നിയമിച്ചിട്ടുണ്ട്. ഇതിനകം പുതിയ കമ്പനിയിലേക്ക് മാറ്റാനായി രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. തട്ടിപ്പായി മാറ്റിയിട്ടുള്ള വായ്പകൾ, ബാഡ് ബാങ്കിന് വിൽക്കാൻ അനുവദിക്കില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ലിക്വിഡേഷൻ നടപടികൾ നേരിടുന്ന കമ്പനികളുടെ വായ്പകളും ബാഡ് ബാങ്കിലേക്ക് മാറ്റാനാവില്ല. 

ഏകദേശം 1.9 ലക്ഷം കോടി രൂപയുടെ വായ്പകളാണ് തട്ടിപ്പു വായ്പകളായി തരം മാറ്റിയിട്ടുള്ളത്. ഇതിൽ 80 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. അതുകൊണ്ടുതന്നെ നിർദ്ദിഷ്ട ബാഡ് ബാങ്ക് പദ്ധതി നടപ്പിലാക്കിയശേഷവും  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയപങ്ക് അവയിൽ തുടരുമെന്നാണ് കരുതേണ്ടത്.

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)