കേന്ദ്ര ബജറ്റിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചാല്‍ കൗണ്ട്ഡൗണ്‍ തുടങ്ങുകയായി. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.
കോവിഡ് വ്യാപനംമൂലം സമ്പദ്ഘടന മാന്ദ്യത്തിലായതിനാലും ധനക്കമ്മി 10.76 ലക്ഷംകോടിയായി ഉയര്‍ന്നതിനാലും ഈവര്‍ഷത്തെ ബജറ്റിന് പ്രസക്തിയേറെയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതിനകം ബജറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇനിവരുന്നത് ഹല്‍വാ സെറിമണിയാണ്.
1 ഹല്‍വാ സെറിമണി
ബജറ്റിന് മുന്നോടിയായുള്ള ഹല്‍വാ വിതരണചടങ്ങോടെയാണ് രേഖകളുടെ അച്ചടി ആരംഭിക്കുക. നോര്‍ത്ത് ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ജീവനക്കാര്‍ക്ക് മധുരംനല്‍കും. ബജറ്റിന്റെ രസഹ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ ചടങ്ങ്.
2 ബജറ്റ് അതീവ രഹസ്യം
ഹല്‍വ ചടങ്ങ് കഴിഞ്ഞാല്‍ ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ലോക്കില്‍തന്നെ കഴിയും. ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കുടുംബങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. ഫോണ്‍, ഇ-മെയില്‍ എന്നിവവഴിപോലും ആശയവിനിമയം പാടില്ല. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമാത്രമെ വീട്ടിലേയ്ക്കുപോകാന്‍ അനുമതിയുള്ളൂ. ഫോണ്‍ കോളുകള്‍ തടയുന്നത് മൊബൈല്‍ ജാമറുകളും സ്ഥാപിക്കും. ഇന്റര്‍നെറ്റ് കണക്ഷനും ഒഴിവാക്കും. ലാന്‍ഡ് ലൈനിലൂടെയുള്ള കോളുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.
3 സാമ്പത്തിക സര്‍വെ
കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച രേഖയാണിത്. ബജറ്റിന് തൊട്ടുമുമ്പ് എല്ലാവര്‍ഷവും സര്‍വെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് സര്‍വെ തയ്യാറാക്കുന്നത്. അടിസ്ഥാനപരമായി കഴിഞ്ഞ ഒരുവര്‍ഷത്തെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വിലയിരുത്തല്‍കൂടിയാണിത്.
4 ബജറ്റ് അവതരണം
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. കോവിഡ് വ്യാപനംമൂലം കര്‍ശനമായ നിബന്ധനകളോടെയാകും ഇത്തവണത്തെ ബജറ്റ് സെഷന്‍. രാജ്യസഭാ ചേംബര്‍, ലോക്‌സഭാ ചേംബര്‍, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ അകലംപാലിച്ചായിരിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഇരിപ്പിടമൊരുക്കുക.
5 ബജറ്റിന് പിന്നിലെ താരങ്ങള്‍
ധനകാര്യ സെക്രട്ടറി എ.ബി പാണ്ഡെ, സാമ്പത്തികകാര്യ സെക്രട്ടറി തരുണ്‍ ബജാജ്, ദിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡെബാസിഷ് പാണ്ഡെ, എക്‌സപന്റിച്ചര്‍ സെക്രട്ടറി ടി.വി സോമനാഥന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ എന്നിവരാണ് ധനമന്ത്രിയെ ബജറ്റ് തയ്യാറാക്കാന്‍ സഹായിക്കുക.