gettyimages
പ്രതിസന്ധിയിലെ അവസരം പാഴാക്കിക്കളയരുതെന്ന ഉറച്ച നിലപാടോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ലക്ഷം കോടി രൂപയുടെ വന്‍പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. ഇതുലക്ഷ്യം വെക്കുന്നത് ക്ളേശമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ മാത്രമല്ല, സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച് രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷയിലേക്കും കരുത്തിലേക്കും നയിക്കാന്‍ കൂടിയാണ്.
സര്‍ക്കാറും റിസര്‍വ് ബാങ്കും നേരത്തേ പ്രഖ്യാപിച്ചവ ഉള്‍പ്പടെയുള്ള 20 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതി ജിഡിപിയുടെ 10 ശതമാനംവരും. വികസ്വര വിപണികളില്‍ ഈ പ്രതിസന്ധിയില്‍ കണ്ട ഏറ്റവും ബൃഹത്തായ പദ്ധതി തന്നെയാണിത്. അന്തരാഷ്ട്ര നാണ്യ നിധിയുടെ കണക്കനുസരിച്ച് വികസ്വര വിപണികളില്‍ ഇതുവരെയുണ്ടായ ശരാശരി പാക്കേജ് ജിഡിപിയുടെ 2.5 ശതമാനം മാത്രമാണ്.
പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പ്രതിസന്ധിയിലുള്ള മറ്റുമേഖലകള്‍ക്കും ആശ്വാസം പകരുമെന്നു കരുതപ്പെടുന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും. ആശ്വാസവും ഉത്തേജനവും പകരുന്നതിനപ്പുറം ഈ പാക്കേജ് അനുപമമായിത്തീരുന്നത് രാജ്യത്തെ സ്വാശ്രയ, സാമ്പത്തിക ശക്തിയാക്കിത്തീര്‍ക്കുന്നതിനുള്ള കാഴ്ചപ്പാടുള്‍ക്കൊള്ളുന്ന വികസന രേഖയായി അതുമാറുന്നു എന്നുള്ളതുകൊണ്ടാണ്.
പ്രാദേശികതയില്‍ അമിത ഊന്നല്‍വേണ്ട
പ്രാദേശികതയെക്കുറിച്ച് വാചാലമാകുന്നത് കഴിഞ്ഞ കാലങ്ങളിലെ നിഷ്ഫലമായ സ്വയം പര്യാപ്തനയങ്ങളായി അധപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികതയ്ക്ക് അമിതമായ ഊന്നല്‍ നല്കുന്ന 'ആത്മനിര്‍ഭര്‍ ഭാരത്' നയം ആധുനിക, ആഗോള വിപണി സങ്കല്പത്തോടു ചേര്‍ന്നുപോകുന്നതല്ല.
ആഗോളീകൃത ലോകത്ത് സ്വാശ്രയം എന്നാല്‍ ഇറക്കുമതിക്കു പണം നല്‍കാനുള്ളകഴിവ് ആണെന്നോര്‍ക്കണം, അല്ലാതെ സ്വയം പര്യാപ്തയല്ല. 2020 സാമ്പത്തിക വര്‍ഷത്തില്‍ 170 രാജ്യങ്ങളിലേക്ക് 20.5 ബില്യണ്‍ ഡോളറിന്റെ മരുന്നു കയറ്റുമതിയിലൂടെ ലോകത്തിന്റെ ഫാര്‍മസിയായി മാറിയിരിക്കയാണ് ഇന്ത്യ.
ഇന്ത്യയുടെ ഐടി വ്യവസായം ആഗോള വിപണിയിലെ അവസരങ്ങള്‍ മുതലാക്കിക്കൊണ്ട് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് 180 ബില്യണ്‍ ഡോളറിന്റെ വന്‍ വ്യവസായമായും മാറിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ പ്രാദേശികതക്ക് അമിതപ്രാധാന്യം നല്‍കുന്നത് ശ്രദ്ധിച്ചുവേണം.
ചൈനയ്ക്കെതിരായി വൈകാരിക തിരിച്ചടി മുതലാക്കാനുള്ള ഒരു ഹ്രസ്വകാലതന്ത്രമായി ഇതുപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്യമായ ഫലമുണ്ടാക്കാന്‍ അമിത പ്രാദേശിക വല്ക്കരണത്തിനു കഴിയില്ല.
ധീരമായ പരിഷ്കരണങ്ങള്‍ക്കു സാധ്യത
ഭൂമി, തൊഴില്‍, ധനലഭ്യത, നിയമങ്ങള്‍ എന്നിവയില്‍ ഊന്നിയ പരിഷ്കാരങ്ങള്‍ വിവേകപൂര്‍വമാണ്. കോവിഡ്-19ന്റെ അനിവാര്യ ഫലങ്ങളിലൊന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ചില വിതരണച്ചങ്ങലകള്‍ ചൈനയില്‍ നിന്നു മാറ്റപ്പെടും എന്നതാണ്.
ഭൂ, തൊഴില്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റംവരുത്തി ബംഗ്ലാദേശും വിയറ്റ്നാമും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യ ഇത്തരം പരിഷ്കാരങ്ങള്‍ക്കു സന്നദ്ധമാവണം. ഈ മേഖലകളില്‍ മാറ്റംകൊണ്ടുവരാനുള്ള ഏറ്റവും ഉചിതമായ സമയമാണ് പ്രതിസന്ധിയുടെ ഈഘട്ടം.
ദ്വിമുഖമാണ് പുതിയ പാക്കേജ്. ക്ളേശമനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ പണമെത്തിക്കുന്നതുപോലെയുള്ള നടപടികളും പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും അതുറപ്പുവരുത്തും. സര്‍ക്കാരിന്റെ പ്രഥമ പരിഗണന ന്യായമായും പാവപ്പെട്ടവരായിരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സാമ്പത്തികസഹായം പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പാ ഗാരണ്ടിയാവാനാണിട. വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കഷ്ടതയനുഭവിക്കുന്ന മേഖലകള്‍ക്കും ആശ്വാസനടപടികള്‍ക്കു സാധ്യതയുണ്ട്.
ധനകാര്യ അച്ചടക്കത്തിന് റോഡ് മാപ്പ് അനിവാര്യം
പാക്കേജ് ബൃഹത്താണെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ചെലവാക്കുന്നതുക കുറവായിരിക്കും. സര്‍ക്കാര്‍ അധികമായി കടമെടുക്കുന്നു പ്രഖ്യാപിച്ചിട്ടുള്ളത് 4.2 ലക്ഷം കോടി രൂപ മാത്രമാണ്. പാക്കേജിന്റെ പ്രധാനഭാഗം വായ്പാ ഗാരണ്ടി ആകാനാണു സാധ്യത. എന്തായാലും ധനകമ്മിയില്‍ വലിയ വര്‍ധനവ് അനിവാര്യമാണ്.
കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി ഉള്‍ക്കൊള്ളുന്ന പൊതുമേഖലാ വായ്പാ ആവശ്യം ജിഡിപിയുടെ 12 ശതമാനമായിക്കഴിഞ്ഞു എന്നാണ് അനുമാനം. അതിനാല്‍ റേറ്റിംഗ് ഏജന്‍സികള്‍ക്ക് ഉറപ്പുനല്കുന്നതിനായി സാമ്പത്തിക അച്ചടക്കത്തിലേക്കു തിരിച്ചുവരാനുള്ള റോഡ് മാപ് സര്‍ക്കാര്‍ മുന്നോട്ടുവെക്കേണ്ടത് പ്രധാനമാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..