ന്യൂഡല്‍ഹി: അടച്ചിടല്‍ മെയ് മൂന്നുവരെ നീട്ടിയതിനെതുടര്‍ന്ന് ബാര്‍ക്ലെയ്‌സ് രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം പുജ്യമാക്കി. 

2020 കലണ്ടര്‍ വര്‍ഷത്തെ വളര്‍ച്ചാ അനുമാനമാണ് കുറച്ചത്. നേരത്തെ രാജ്യത്തെ വളര്‍ച്ച 2.5ശതമാനമായി കുറയുമെന്നായിരുന്നു ബ്രിട്ടീഷ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ബാര്‍ക്ലെയ്‌സിന്റെ വിലിയിരുത്തല്‍.

കോവിഡിന്റെ കാര്യത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിയന്ത്രണം തുടരുന്നത് രാജ്യത്തെ സമ്പദ്ഘടനയെ പ്രതീക്ഷിച്ചതിലുമപ്പുറം ബാധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ് നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയാകും കാര്യമായി ബാധിക്കുക. ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കാര്‍ഷികം, ഖനനം, നിര്‍മാണം തുടങ്ങിയമേഖലകളെ കാര്യമായിതന്നെ അടച്ചിടല്‍ ബാധിക്കുമെന്നും ബാര്‍ക്ലെയ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.