ന്യൂഡൽഹി: ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് ഇന്ത്യയുടെ ഈ വർഷത്തെയും അടുത്ത വർഷത്തെയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചു. നടപ്പ്‌ സാമ്പത്തിക വർഷം വളർച്ച ഏഴു ശതമാനമേ ഉണ്ടാകൂവെന്നാണ് എ.ഡി.ബി.യുടെ വിലയിരുത്തൽ. വളർച്ച 7.4 ശതമാനം ആയിരിക്കുമെന്നാണ് കഴിഞ്ഞ ഏപ്രിലിൽ എ.ഡി.ബി. പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ വളർച്ച നേരത്തെ പ്രവചിച്ചിരുന്ന 7.6 ശതമാനത്തിൽ നിന്ന് 7.4 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
 
വ്യവസായ മേഖലയിലെ ഇടിവിനൊപ്പം സ്വകാര്യ ഉപഭോഗവും നിക്ഷേപവും കുറഞ്ഞതും ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ദോഷമായെന്നാണ് വിലയിരുത്തൽ.വാർഷിക പ്രസിദ്ധീകരണമായ
'ഏഷ്യൻ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2017'-ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ധനക്കമ്മി ലക്ഷ്യത്തിൽ നിർത്തുന്നതിലെ പ്രാധാന്യവും റിപ്പോർട്ട് എടുത്തുപറയുന്നു. നികുതിയേതര വരുമാനവും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനയും മന്ദഗതിയിലായത് പ്രതികൂലമായെന്നും വിലയിരുത്തലുണ്ട്. ആഗോള വളർച്ച ശക്തമാകുന്നതോടെ ഈ വർഷം അവസാനം കയറ്റുമതിക്ക് പുതുജീവനുണ്ടാകുമെന്നാണ് പ്രവചനം.
നോട്ട് നിരോധനവും ചരക്ക്‌-സേവന നികുതിയും ഇന്ത്യൻ സമ്പദ്ഘടനയിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

എങ്കിലും പരിഷ്കരണ നടപടികൾ തുടരുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായിത്തന്നെ നിൽക്കുമെന്ന് എ.ഡി.ബി. മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ യാസുയുകി സവാദ വ്യക്തമാക്കി. 

2018-19 ഓടെ പുതിയ നികുതി സമ്പ്രദായത്തിലെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും ഇതോടെ വിപണികളിൽ ഉണർവുണ്ടാകുമെന്നുമാണ് പ്രതീക്ഷ. പണപ്പെരുപ്പം കുറഞ്ഞുനിൽക്കുന്നതിനാലും ശമ്പളവർധന ഉടൻ ഉണ്ടാകുമെന്നതിനാലും സ്വകാര്യ നിക്ഷേപത്തിലും ഉപഭോഗത്തിലും ക്രമേണ വളർച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
നടപ്പ്‌ സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ വളർച്ച 5.7 ശതമാനമായി കുറഞ്ഞിരുന്നു.