Photo: Gettyimages
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്‍പ്പടെ 35 ഓളം രാജ്യങ്ങള്‍ രൂപയിലുള്ള ഇടപാടിന് താല്പര്യം പ്രകടിപ്പിച്ചതായി ബാങ്കിങ് വൃത്തങ്ങള്‍. രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാരും ആര്‍ബിഐയും പ്രത്യേക പദ്ധതി ആസുത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ബോധവത്കരണം, പ്രചാരണം എന്നിവ നടത്താന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷ(ഐബിഎ)നോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി അറിയുന്നു. റിസര്‍വ് ബാങ്കായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. രൂപയുടെ അന്താരാഷ്ട്ര ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആസുത്രണം ചെയ്യാന്‍ ധനകാര്യ സേവന വകുപ്പ് ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ ബോധവത്കരണ കാമ്പയിന് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മാര് തുടങ്ങിയ അയല്‍ രാജ്യങ്ങളും രൂപയിലുള്ള ഇടപാടിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത കരുതല്‍ ക്ഷാമം ഈ രാജ്യങ്ങള്‍ നേരിടുന്നുണ്ട്. റഷ്യയുമായി ഇതിനകം രൂപയില്‍ ഇടപാട് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യന്‍ ബാങ്കുകളില്‍ റഷ്യന്‍ ബാങ്കുകളുടെ ഒമ്പത് പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വാണിജ്യ സെക്രട്ടറി സുനില്‍ കുമാര്‍ ബര്‍ത്ത്വാള്‍ ഈയിടെ പറഞ്ഞിരുന്നു. റഷ്യയിലെ മുന്‍നിര ബാങ്കുകളായ സ്പെര്‍ ബാങ്ക്, വിടിബി ബാങ്ക് എന്നിവയുമായാണ് പ്രധാനമായും ഇടപാട് നടക്കുന്നത്. മറ്റൊരു റഷ്യന്‍ ബാങ്കായ ഗാസ്പ്രോമും യൂക്കോ ബാങ്കില്‍ ഇത്തരത്തിലുള്ള അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ വ്യാപാരം മെച്ചപ്പെടുത്താന്‍ 2022 ജൂലായിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനം അവതരിപ്പിച്ചത്. റുപ്പി വോസ്ട്രോ അക്കൗണ്ടുകള്‍ ഇന്ത്യന്‍ ബാങ്കില്‍ ഒരു വിദേശ സ്ഥാപനത്തിന്റെ ഫണ്ട് രൂപയിലാണ് സൂക്ഷിക്കുക. അക്കൗണ്ട് വഴി ഇന്ത്യന്‍ കറന്‍സിയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ അക്കൗണ്ട് തുറക്കുന്ന ബാങ്ക് കമ്പനിയുടെ വോസ്ട്രോ അക്കൗണ്ടായി അതിനെ കണക്കാക്കും. ഒരു ഇന്ത്യന്‍ ഇറക്കുമതിക്കാരന് വിദേശ വ്യാപാരിക്ക് പണം നല്കുമ്പോള് തുക വോസ്ട്രോ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യും. അതുപോലെതന്നെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്കാരന് പണം നല്കേണ്ടിവരുമ്പോള് തുക വോസ്ട്രോ അക്കൗണ്ടില്‍നിന്ന് കുറയ്ക്കുകയും കയറ്റുമതിക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ഇടുകയുമാണ് ചെയ്യുക.
Content Highlights: About 35 countries show interest in rupee trade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..