Photo: Gettyimages
രാജ്യത്തെ പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിച്ചേക്കുമെന്ന സൂചന നല്‍കി സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് തുടരുന്നു. പത്തുവര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടിന്റെ ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി.
റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനം ബുധനാഴ്ച നടക്കാനിരിക്കെയാണ് ആദായം 7.54 നിലവാരത്തിലേയ്ക്ക് കുതിച്ചത്. ചൊവാഴ്ചമാത്രം നാല് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 7.50ശതമാനത്തിലായിരുന്നു ക്ലോസിങ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളറിലെത്തിയതോടെയായിരുന്നു ഈ വര്‍ധന.
പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നേക്കുമെന്ന ഭീതിയാണ്, എണ്ണവില വര്‍ധനയെതുടര്‍ന്ന് കടപ്പത്ര ആദായം ഉയരാനുണ്ടായ കാരണം. രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയില്‍ 80ശതമാനവും ഇറക്കുമതിയെയാണല്ലോ ആശ്രയിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍ ഡിമാന്‍ഡ് വര്‍ധന അസംസ്‌കൃത എണ്ണവിലയെ വീണ്ടും ഉയരാനിടയാക്കും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും വിലക്കയറ്റം തല്‍ക്കാലത്തേയ്ക്ക് കുറയാന്‍ സാധ്യതയില്ലെന്ന സൂചനയാണ് നല്‍കുന്നത്.

റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമതി യോഗം തിങ്കളാഴ്ചയാണ് തുടങ്ങിയത്. ബുധനാഴ്ചത്തെ പ്രഖ്യാപനത്തില്‍ 0.50ശതമാനം വര്‍ധനയുണ്ടായാല്‍ റിപ്പോ നിരക്ക് 4.9ശതമാനമാകും. അതിനുപുറമെ വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ കരുതല്‍ ധനാനുപാതവും(സിആര്‍ആര്‍)കൂട്ടിയേക്കും.
പണപ്പെരുപ്പ നിരക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് മെയ് മാസത്തില്‍ അസാധാരണ യോഗംചേര്‍ന്ന് റിപ്പോ നിരക്കില്‍ 0.40 ബേസിസ് പോയന്റിന്റെ വര്‍ധന പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക 7.78ശതമാനമായതിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. 2022ലെ ആദ്യ നാല് മാസങ്ങളിലും ആര്‍ബിഐയുടെ ക്ഷമതാപരിധിക്ക് മുകളിലാണ് പണപ്പെരുപ്പ നിരക്കുകള്‍.
Also Read
സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം തുടരെ വര്‍ധിക്കുന്നതിനാല്‍ നിരക്കുയര്‍ത്തല്‍ നടപടികളുമായി ആര്‍ബിഐക്ക് മുന്നോട്ടുപോകേണ്ടിവരും. വായ്പ-നിക്ഷേപ പലിശയെയാകും അത് ബാധിക്കുക. സര്‍ക്കാരിന്റെ കടമെടുക്കല്‍ ചെലവില്‍ കാര്യമായ വര്‍ധനവുമുണ്ടാകും.
Content Highlights: 3-year high govt bond yield points to sharper rate hikes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..