ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിൽ സുപ്രധാനമായ ഒന്നാണ് ആമസോണിന്റെ ഇ-സെല്ലർ. അതുപോലെ മറ്റ്‌ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സെല്ലർ പ്രോഗ്രാമുകളുണ്ട്.

ആമസോണിന്റെ ഡെലിവറി എത്തിക്കുന്ന വാഹനങ്ങൾ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും വരുന്നത് നിറഞ്ഞ ലോഡുമായാണ്. തമിഴ്‌നാട്ടിൽനിന്ന് തിരിച്ചുപോകുന്നതും നിറഞ്ഞ ലോഡുമായി തന്നെ. എന്നാൽ കേരളത്തിലേക്ക് വരുന്ന പല വാഹനങ്ങളും കാലിയായാണ് തിരിച്ചുപോകുന്നത്. നമ്മൾ പണ്ടേ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. നമ്മളെല്ലാംതന്നെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു, എന്നാൽ ഇവിടത്തെ ഉത്പന്നങ്ങൾ കാര്യമായി കയറ്റിയയയ്ക്കുന്നില്ല.

അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞെന്നു പറഞ്ഞ് നമുക്ക് വിലപിക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനു പകരം അത്‌ മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഉപഭോക്താവിന്റെ അടുത്തെത്തുമ്പോൾ കായ പാകത്തിന് പഴുത്തിരിക്കും. ഏത്തയ്ക്ക കേരളത്തിന് പുറത്തില്ല. അത് അതേപടി വിൽക്കുന്നതിനു തന്നെ നല്ല വിപണിയുണ്ട്. ഇനി അതല്ല കൂടുതൽ ലാഭം വേണമെങ്കിൽ ചിപ്‌സ് ആയും ഏത്തപ്പഴം ഉണക്കിയും ഏത്തയ്ക്കാപ്പൊടിയായുമൊക്കെ മൂല്യാധിഷ്ഠിത രീതിയിൽ വിൽക്കാം.

നമ്മുടെ നാട്ടിൽ സുലഭമായുള്ള കപ്പ പോലും ആമസോണിൽ ഇത്തരത്തിൽ വിൽക്കാം. കപ്പ തൊലിയോടെ മെഴുകിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

അത്തരത്തിൽ സൂക്ഷിച്ചാൽ കപ്പ ഒരു മാസം വരെ കേടുകൂടാതെ ഫ്രെഷ് ആയിരിക്കും. കപ്പയുടെ തൊലി കളയുമ്പോൾ മെഴുകും പോയിക്കൊള്ളും.ഇതിനായി വിപണി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. ഇപ്പോൾ ചക്കയുടെ സീസണാണ്. ചാരം, ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.ഇവ കേരളത്തിൽനിന്ന് കയറ്റിയയച്ചുകൂടേ? നമുക്ക് ഇത്തരത്തിൽ ഒന്ന് മാറി ചിന്തിച്ചുകൂടെ?

ഇ-സെല്ലിങ്ങിലെ അവസരങ്ങൾ

1. കുറഞ്ഞ മുടക്കുമുതൽ

ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന മുടക്കുമുതൽ ആവശ്യമായി വരുന്നതാണ്. എന്നാൽ ഇ-കൊമേഴ്‌സ് സെല്ലറാകാൻ ചെറിയ മുടക്കുമുതൽ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചരക്ക് എടുത്തുവെക്കാനുള്ള സ്ഥലവും അതിനുള്ള ചെലവുമാണ് ഇവിടെ വേണ്ടത്.

2. സ്വന്തമായി ഉത്പന്നം ആവശ്യമില്ല

നിങ്ങൾക്ക് സ്വന്തമായി ഒരു ഉത്പന്നമില്ലെങ്കിലും ഇ-സെല്ലറാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് കപ്പകൃഷിയില്ലെങ്കിൽ കർഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്കരണം ചെയ്തോ വിൽക്കാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ മുതൽ ഫർണിച്ചവർ വരെ എന്തും ഓൺലൈനായി വിൽക്കാം.

3. ഉയർന്ന വളർച്ചയ്ക്കുള്ള അവസരങ്ങൾ

ഇ-കൊമേഴ്‌സ് മേഖലയ്ക്കൊപ്പം വളരാനുള്ള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുള്ളത്. എന്നാൽ വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരിക്കണം സംരംഭകൻ സ്വീകരിക്കേണ്ടത്. തുടങ്ങിയിടത്തുതന്നെ നിന്നാൽ പോരാ.

4. വളരെ ലളിതം

ഇ-സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്നമല്ല. അടിസ്ഥാനപരമായ കംപ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി. സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് പഠിച്ചെടുക്കാവുന്നതേയുള്ളു.

എങ്ങനെ ഇ-കൊമേഴ്‌സ് സെല്ലർ ആകാം?

1. വിൽക്കേണ്ട ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക.

2. ഏതെങ്കിലും ഇ-കൊമേഴ്‌സ് സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുക. ഇതിന് യാതൊരു വിധത്തിലുള്ള ചെലവുമില്ല.

3. രജിസ്‌ട്രേഷൻ നടത്തുമ്പോൾ ചില രേഖകൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ ജി.എസ്.ടി. നമ്പർ, പാൻ നമ്പർ എന്നിവ കൊടുക്കണം. അതിനുശേഷം ഇ-കൊമേഴ്‌സ് സ്ഥാപനവുമായി കരാർ ഒപ്പിടണം.

4. നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. അതിനായി ഉത്പന്നത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കുക. ചില ഇ-കൊമേഴ്‌സ് സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനം സെല്ലർക്ക് നൽകാറുണ്ട്.

5. ഇനി വില്പന ആരംഭിക്കാം.

info@lifelinemindcare.org