മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ 'സ്‌നാപ് ഡീല്‍' നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് വേതനച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നതിനാല്‍. 2014-15-ല്‍ 367 കോടി രൂപയായിരുന്ന ശമ്പള ഇനത്തില്‍ കമ്പനിയുടെ മൊത്തം ചെലവ്. 2015-16 ആയപ്പോഴേക്കും അത് 911 കോടി രൂപയായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അത് പിന്നെയും ഉയര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.
 
ഇത്ര ഉയര്‍ന്ന പ്രവര്‍ത്തന ചെലവുമായി ലാഭത്തിലെത്താന്‍ കമ്പനിക്ക് കഴിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ തിരുത്തല്‍ നടപടി. 

ജീവനക്കാരുടെ എണ്ണം ഏതാണ്ട് അയ്യായിരത്തിനടുത്തുണ്ട്. അത് പടിപടിയായി ആയിരത്തിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതോടെ, ശമ്പളച്ചെലവ് 250 കോടി രൂപയെങ്കിലുമായി കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

കമ്പനിയുടെ  സ്ഥാപകരായ കുനാല്‍ ബാലും രോഹിത് ബന്‍സാലും ഏതാണ്ട് 40 കോടി രൂപ വീതമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിഫലം പറ്റിയത്. സ്റ്റോക് ഓപ്ഷന്‍ പദ്ധതിയിലൂടെ കിട്ടിയ ഓഹരികളുടെ മൂല്യം ഉള്‍പ്പെടെയാണ് ഇത്. നിലവിലെ സാഹചര്യത്തില്‍ ശമ്പളം വേണ്ടെന്ന് വച്ചിരിക്കുകയാണ് ഇരുവരും.

ഷോപ്പിങ് ഡീലുകളുമായി 2010 ഫെബ്രുവരിയില്‍ തുടക്കം കുറിച്ച കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ മാര്‍ക്ക്റ്റ് പ്ലേസ് കൂടിയായി വികസിക്കുകയായിരുന്നു.

പിന്നീട്, ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണികളിലൊന്നായി കമ്പനി വളര്‍ന്നു. എന്നാല്‍, മത്സരം കടുത്തതോടെ കമ്പനിയുടെ ചെലവ് വന്‍തോതില്‍ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം നഷ്ടം 3,293 കോടി രുപയായി ഉയര്‍ന്നു.