ന്യൂഡൽഹി: ഇന്ത്യൻ ഇ-കൊമേഴ്‌സ്, പേമെന്റ് കമ്പനിയായ പേടിഎം 10,000 കോടിയുടെ പുതിയ നിക്ഷേപം നടത്തുന്നു. ബാങ്കിങ്, ധനകാര്യ രംഗത്ത് കരുത്ത് തെളിയിക്കുന്നതിനായാണ് പുതിയ നിക്ഷേപം. അടുത്ത മൂന്നു വർഷത്തിനുള്ളിലായിരിക്കും ഇത്രയും മുതൽമുടക്ക് നടത്തുക.

നോയ്ഡ ആസ്ഥാനമായ കമ്പനി പേമെന്റ് ബാങ്ക് സേവനം ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ 3,200 കോടി രൂപ മുടക്കിക്കഴിഞ്ഞതായി പേടിഎം വ്യക്തമാക്കി. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ നൽകുന്നതിനുള്ള അന്തിമാനുമതി ഉടൻ ലഭിക്കുമെന്ന് കരുതുന്നതായി സി.ഇ.ഒ. വിജയ് ശേഖർ പറഞ്ഞു.

ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്മാരായ ആലിബാബയുടെ പിന്തുണയുള്ള പേടിഎം നിലവിൽ മൊബൈൽ വാലറ്റ് സേവനം നൽകുന്നുണ്ട്. ഇ-കൊമേഴ്‌സ് രംഗത്ത് 150 കോടി രൂപയുടെ ഇടപാട് സ്വന്തമായുള്ള കമ്പനി അടുത്തവർഷത്തോടെ ഇത് 450 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ എയർടെല്ലും ഇന്ത്യ പോസ്റ്റും മാത്രമാണ് ഇന്ത്യയിൽ പേമെന്റ് ബാങ്ക് സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദീപാവലി സമയത്ത് പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങാനായിരുന്നു പേടിഎമ്മിന്റെ പരിപാടി. എന്നാൽ ചില അനുമതികൾ വൈകിയതിനെത്തുടർന്ന് പ്രവർത്തനം തുടങ്ങുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

അതിനിടെ പുതിയ ധനസമാഹരണത്തിനായി പേടിഎം ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഒരു അമേരിക്കൻ കമ്പനി നിക്ഷേപതാത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തയുണ്ട്. ജപ്പാൻ കമ്പനിയായ സോഫ്റ്റ്ബാങ്ക് അടുത്തുതന്നെ പേടിഎമ്മിൽ ഓഹരിയെടുക്കുമെന്നാണറിയുന്നത്.