ബെംഗളൂരു: ഒരിക്കൽ ഉപയോഗിച്ച ഉത്പന്നങ്ങൾ വിൽക്കുന്ന മേഖലയിലേക്ക് (സെക്കൻഡ് ഹാൻഡ് വിപണി) കടക്കാനൊരുങ്ങുന്ന ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇതിന്റെ ആദ്യപടിയായി പുതിയ ഏറ്റെടുക്കൽ നടത്തി.
 
മൊബൈൽ, ഐ.ടി. കേടുപാടുകൾ തീർക്കുന്ന ‘എഫ് വൺ ഇൻഫോ സൊലൂഷൻ’ എന്ന കമ്പനിയെയാണ് സ്വന്തമാക്കിയത്. ഇന്ത്യ മൊത്തം സാന്നിധ്യമുള്ള കമ്പനിയാണ് എഫ് വൺ ഇൻഫോ സൊലൂഷൻ.

ഫ്ലിപ്കാർട്ടിന്റെ സേവനദാതാക്കളായ ജീവ്‌സിന്റെ ഭാഗമായിരിക്കും ഇനിമുതൽ എഫ് വൺ. ഫ്ലിപ്കാർട്ടിനു വേണ്ടി ഫർണിച്ചർ ഉൾപ്പെടെ വലുതും ചെറുതുമായ വീട്ടുപകരണങ്ങൾക്കാവശ്യമായ പരിപാലനം നടത്തുന്നത് ജീവ്‌സ് ആണ്. ഇതോടെ മൊബൈൽ, ഐ.ടി., ഇലക്‌ട്രോണിക്സ് മേഖലകളിൽ ആജീവനാന്ത സേവനം ഉറപ്പുവരുത്താനുമാകും.

ഉപയോഗിച്ച സാധനങ്ങളുടെ (സെക്കൻഡ് ഹാൻഡ്) വിൽപ്പനയ്ക്കായി ഇ ബെ ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. സ്മാർട്ട്‌ ഫോൺ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ വിൽപ്പനയ്ക്കെത്തിക്കും. ബൈബാക്ക് ഗാരന്റി, മാറ്റിവാങ്ങൽ എന്നിവയിലൂടെ കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗയോഗ്യമാക്കി വിൽക്കുകയാണ് ചെയ്യുക. ഈ പദ്ധതിയിൽ പുതിയ ഏറ്റെടുക്കൽ വലിയ ഗുണം ചെയ്യും. 

2012-ൽ സ്ഥാപിതമായ കമ്പനിയാണ് എഫ് വൺ ഇൻഫോ സൊലൂഷൻ. കമ്പനിയുടെ സഹ സ്ഥാപകൻ ഷമ്മി മോസ സീനിയർ ഡയറക്ടറായി ഫ്ലിപ്കാർട്ടിൽ ചേർന്നേക്കും.