മുംബൈ: പ്രധാന എതിരാളിയായ സ്നാപ്ഡീലിനെ സ്വന്തമാക്കാനുറച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ അതികായരായ ഫ്ളിപ്കാര്‍ട്ട്. 

ഇത് സംബന്ധിച്ച ആദ്യനീക്കം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 850 മില്ല്യണ്‍ ഡോളറിന്റെ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്ളിപ്കാര്‍ട്ട് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ജാസ്പര്‍ ഇന്‍ഫോടെക്കിനെ അറിയിക്കുകയായിരുന്നു. 

ആദ്യം 500 മുതല്‍ 600 മില്ല്യണ്‍ ഡോളറിന് സ്നാപ്ഡീല്‍ ഏറ്റെടുക്കാനായിരുന്നു ഫ്ളിപ്കാര്‍ട്ട് സന്നദ്ധത അറിയിച്ചത്. 

ഓണ്‍ലെന്‍ വ്യാപാര ശൃഖലയായ സ്നാപ്ഡീല്‍, ലോജസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്സ്പ്രസ്, ഒണ്‍ലൈന്‍ മാനേജ്മെന്റ് ബിസിനസ് സ്ഥാപനമായ യൂണികൊമേഴ്സ് ഇസൊലൂഷന്‍സ് എന്നീ മൂന്ന് കമ്പനികളാണ് 850 മില്ല്യണ്‍ ഡോളര്‍ നല്കി ഫ്ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നത്. 

എന്നാല്‍, സ്നാപ്ഡീലിന്റെ ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജിനെ ഇടപാടില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.