ന്യൂഡൽഹി: ഷോപ്പിങ് ഉത്സവങ്ങളുടെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഒക്ടോബർ 10 മുതലാണ് പ്രധാനമായും ഇ-കൊമേഴ്‌സ് കമ്പനികൾ ഉത്സവകാല വിൽപ്പന ആരംഭിക്കുന്നത്. ഉത്സവകാല മാസങ്ങൾക്കായി, ഫ്ലിപ്‌കാർട്ടും ആമസോണും 80,000 ജീവനക്കാരെയാണ് നേരിട്ട് തിരഞ്ഞെടുത്തത്. ഇതിൽ താത്കാലിക ജീവനക്കാരും ഉൾപ്പെടും.

ഏതാനും മാസം മുൻപേ ഫ്ലിപ്‌കാർട്ട് ഷോപ്പിങ് ഉത്സവങ്ങൾക്കായി 30,000 പേരെ നിയമിച്ചിരുന്നു. ഇതുകൂടാതെ സെല്ലർ പാർട്‌ണർഷിപ്പ് കമ്പനികളിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ കൂടി കണക്കാക്കുമ്പോൾ ആകെ അവസരം അഞ്ച് ലക്ഷത്തിനു മുകളിൽ വരും.

ആമസോൺ ഇന്ത്യയിലെ 16 നഗരങ്ങളിലേക്കായി 50,000 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ കോൾ സെന്ററും ലഭ്യമാക്കിയിട്ടുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 15 വരെയും ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 14 വരെയുമാണ്. കൂടെ ഷോപ്പ്ക്യൂസ്, സ്നാപ്ഡീൽ തുടങ്ങിയ കമ്പനികളും രംഗത്തുണ്ട്. ഉത്സവകാല വിൽപ്പനയിൽ ഓഫറുകളും കമ്പനികൾ ഒരുക്കുന്നുണ്ട്.