ഉത്സവകാല ഓഫറുമായി ഇ കൊമേഴ്സ് സെെറ്റുകൾ രംഗത്തെത്തി കഴിഞ്ഞു.  ഇത്തവണയും വൻ വിലക്കിഴിവുമായാണ് ഫ്ളിപ്പ്‍കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരത്തിനെത്തിയിരിക്കുന്നത്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി സാധനങ്ങൾ ആകര്‍ഷകമായ വിലക്കിഴിവിലെത്തുമ്പോൾ ഏതു വാങ്ങണമെന്ന ആശങ്കയുണ്ടാകുക സ്വാഭാവികം. എന്നാൽ ഒാഫറുണ്ടല്ലോയെന്ന് ഒാര്‍ത്ത്  കണ്ടതെല്ലാം  വാങ്ങിക്കൂട്ടിക്കഴിയുമ്പോഴാകും പഴ്സ് കാലിയായത് ശ്രദ്ധക്കുന്നത്. 

കയ്യറിയതെയുള്ള ഈ പണച്ചെലവ് നിയന്ത്രിക്കാൻ ചില മാര്‍ഗങ്ങളുണ്ട്.  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ  ഈ ഉത്സവകാലത്ത് പഴ്സ് കാലിയാകാതെ സൂക്ഷിക്കാം.

digit1ഒാഫറുകൾ അവസാനിക്കുന്നില്ല
ഒാഫര്‍ അവസാനിക്കാൻ പോകുന്നു, ഇത് ഒാഫറിൻ്റെ അവസാന  മണിക്കൂറാണ്,  സ്റ്റോക്ക് കഴിയുന്നു.... ഇത്തരത്തിലുള്ള പ്രലോഭനങ്ങളിൽ വീണു പോകുന്നവരാണോ നിങ്ങൾ?  പണം ലാഭിക്കാൻ വാങ്ങിക്കൂട്ടുന്നതെല്ലാം ആവശ്യമുള്ള സാധനങ്ങളാണോയെന്ന് ശ്രദ്ധിക്കാം. ഇപ്പോഴുള്ള ഒാഫറുകൾ അവസാനിച്ചാലും മറ്റൊരു ഒാഫര്‍ ഉടൻ വരും എന്ന്  ഒര്‍ക്കുക തന്നെയാണ് പ്രധാനം. 

ഒാണം ഒാഫര്‍, ദീപാവലി ഒാഫര്‍, ക്രിസ്സ്മസ് ഒാഫറുകൾ, ന്യൂ ഇയര്‍ ഒാഫര്‍ എന്നിങ്ങനെ ഒാഫറുകൾ അവസാനിക്കുന്നില്ല. അതിനാൽ ആവശ്യമുള്ളതെല്ലാം ഉടൻ തന്നെ വാങ്ങണമെന്നില്ല. നിലവിൽ  ലഭ്യമായ ഒാഫറിന് ശേഷം ഇനിയും ഉത്സവകാല ഓഫറുകൾ വരും എന്ന് തിരിച്ചറിയുക. ഒരു പക്ഷേ ഇത്തവണ 20 ശതമാനമാണ് ലാഭമെങ്കിൽ  അടുത്ത തവണ 25 ശതമാനം ഒാഫര്‍ കിട്ടാനും സാധ്യതയുണ്ട്. അതിനാൽ ഒാഫര്‍ എന്ന് കേൾക്കുമ്പോൾ തന്നെ ഒാടാൻ നിൽക്കേണ്ട.

digit2സൗജന്യത്തിൻ്റെ പിന്നാലെ ഒാടല്ലേ
ലോകത്ത് ആര്‍ക്കും ഒന്നും സൗജന്യമായി ലഭിക്കില്ല എന്ന സത്യം അറിയാത്തവരില്ല. എന്നാലും സൗജന്യം എന്ന വാക്ക് കേൾക്കുമ്പോഴേ  പെഴ്സുമെടുത്ത് പുറപ്പെടുന്നവരാണ് ശരാശരി മലയാളികൾ. സാജന്യമായി കിട്ടുന്ന സാധനങ്ങൾ നമുക്ക് ആവശ്യമുള്ളതാണോയെന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ്. 

ഷര്‍ട്ടുകൾ  നാലെണ്ണം വാങ്ങൂ ആറെണ്ണം നേടൂ  എന്ന തരത്തിലുള്ള ഒാഫറുകളിൽ നാം പലപ്പോഴും വീണു പോകാറുണ്ട്. എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ആറ് ഷര്‍ട്ടുകളുടെ ആവശ്യം നമുക്ക് ഉണ്ടോ എന്നതാണ്.  ഒപ്പം വാങ്ങുന്ന ഷര്‍ട്ടുകളുടെ വില കൂടി ശ്രദ്ധിക്കണം. ഒരു പക്ഷേ ഉയര്‍ന്ന വിലയുള്ള നാലു ഷര്‍ട്ടുകൾ വാങ്ങുമ്പോൾ കുറഞ്ഞ വിലയുള്ള  രണ്ടെണ്ണമാവും സൗജന്യമായി ലഭിക്കുന്നത്. ചുരുക്കത്തിൽ  ആറെണ്ണത്തിൻ്റെ വില തന്നെ നാം നൽകുന്നുണ്ട്. 

digit3ഒാഫറുകളെ കുറിച്ച് കൃത്യമായി പ‌ഠിക്കുക
ഒാഫര്‍ കാലാവധികളാണ് ഇപ്പോൾ നമ്മുടെ ഷോപ്പിംഗ് എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്. ആകര്‍ഷകമായ ഒാഫര്‍ ഒരാഴ്ച മാത്രം എന്ന് കേൾക്കുമ്പോൾ  ആ കാലാവധിക്കുള്ളിൽ കുറെ എന്തൊക്കയോ വാങ്ങി കൂട്ടി ലാഭം നേടാൻ നാം നെട്ടോട്ടം ഒാടും. എന്നാൽ ഒാഫറുകളെ കുറിച്ച് കൃത്യമായി പ‌ഠിക്കുക എന്നത് പ്രധാനമാണ്.

ഉദാഹരണത്തിന് ഒാണക്കാലത്ത് കാറു വാങ്ങുമ്പോൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു എന്ന് കരുതുക. സൗജന്യ ഇൻഷുറൻസിനുവേണ്ടി ഒാണക്കാലത്ത് തന്നെ ഇല്ലാത്ത പണം  ഉണ്ടാക്കി കാറു വാങ്ങാനായി ഒാടേണ്ട. കാരണം ഒണക്കാലത്ത് ഇൻഷുറൻസിൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് വാസ്തവം ആവാം . എന്നാൽ ഒാണക്കാലത്തിന് ശേഷം ഒരുപക്ഷേ കാറിനുള്ള  ആക്സസറീസാവാം കമ്പനി സൗജന്യമായി നൽകുന്നത്. അത് ഇൻഷുറൻസ് തുകക്ക്  തുല്യ വിലയുടേതാവാം.

അതിനാൽ പണം ലാഭിക്കാൻ ഒാഫറുകൾക്ക് പിന്നാലെ ഒാടുമ്പോൾ അവയെ ശരിയായി പഠിക്കുക. കുറഞ്ഞത് ചുരുങ്ങിയ കാലയളവിലെങ്കിലും വരുന്ന ഒാഫറുകളെ കൃത്യമായി വിലയിരുത്തുക എന്നത് പ്രധാനമാണ്. 

digit4പരസ്യങ്ങളെ വിശ്വസിക്കരുതേ
പലപ്പോഴും ഞെട്ടിക്കുന്ന ഒാഫറുകളാവും നാം പരസ്യങ്ങളിൽ കാണുന്നത്. എന്നാൽ ഇതിൽ വിശ്വസിച്ച് നാം അവ വാങ്ങാൻ ചെല്ലുമ്പോൾ പലപ്പോഴും പരസ്യത്തിലെ വിലയുമായി ഒരു ബന്ധവും ഉണ്ടാകില്ല.

ഉദാഹരണമായി എസി വാങ്ങൂ 10,000 രൂപ ലാഭിക്കൂ എന്നതാവും പരസ്യം. എസി വാങ്ങുമ്പോൾ 10,000 രൂപ ലാഭിക്കാനാവുന്നത് മികച്ച ഒാഫറാണ്. അതു വിശ്വസിച്ച് നാം കടയിൽ ചെല്ലുമ്പോഴാണ്  എല്ലാ എസിക്കും ഒാഫര്‍ ബാധകമല്ലെന്ന് അറിയുന്നത്. ചിലപ്പോൾ ഇയര്‍ന്ന വിലയുള്ളവക്ക് മാത്രമാകും ഒാഫര്‍ ലഭിക്കുക. അതും അല്ലെങ്കിൽ പഴയ എസി നൽകി പുതിയവ വാങ്ങുമ്പോഴാകും ഒാഫര്‍ ലഭിക്കുക. 

 അതുപോലെ 999 രൂപക്ക് പറക്കാം എന്ന  ഒാഫര്‍ നാം ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാൽ 999 രുപ  വിമാന ടിക്കറ്റ് ചാര്‍ജിൻ്റെ അടിസ്ഥാന വില മാത്രമാണ്. ടാക്സും മറ്റ് ചാര്‍ജുകളുമൊക്കെയാവുമ്പോൾ യഥാര്‍ത്ഥ വില ഇരട്ടിയിലധികം ആയേക്കാം.

digit5പറ്റിക്കപ്പെടാൻ ഇടയുണ്ട്
പലപ്പോഴും നാം  പരസ്യങ്ങളിൽ 30 ശതമാനം വിലക്കിഴിവ്, 40 ശതമാനം വിലക്കിഴിവ്  എന്നിങ്ങനെ കാണാറുണ്ട്. എന്നാൽ ഇത്തരം പരസ്യങ്ങൾ പലപ്പോഴും നമ്മെ പറ്റിക്കുകയാണ് ചെയ്യുന്നത്. വിലക്കിഴിവിൽ വിശ്വസിച്ച് നമ്മൾ കടയിൽ ചെല്ലുമ്പോഴാണ് അറിയുന്നത്. 6000 രൂപയിൽ കൂടുതൽ മൂല്യമുള്ള ബില്ലിന് മാത്രമേ ഒാഫര്‍ ബാധകമാവുകയുള്ളു എന്ന്. ഒടുവിൽ ഒാഫര്‍ ലഭിക്കാനായി  നമ്മൾ 6000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങും.

ഒരുപക്ഷേ 2000 രൂപക്ക് സാധനങ്ങൾ വാങ്ങാനാവും  നമ്മൾ  ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാൽ വാങ്ങിയതാവട്ടെ 6000 രൂപക്ക് മുകളിലും ഇവിടെ ലാഭം ആര്‍ക്കാണ്.

പണം ലാഭിക്കാൻ  ഇവ  ശ്രദ്ധിച്ചാൽ മതി
ചില കാര്യങ്ങളിൽ ചെറിയൊരു ശ്രദ്ധവെച്ചാൽ മതി പണവും ലാഭിക്കാം സമാധാനവും നഷ്ടമാക്കാതിരിക്കാം.

digit1ഒാഫറുകളിൽ മയങ്ങരുതേ
എന്തൊക്കെയാണ് അത്യാവശ്യമായി വങ്ങേണ്ടതെന്ന് ശ്രദ്ധിക്കുക. ഒാഫറുകളിൽ മയങ്ങാതെ ആവശ്യമുള്ളവ മാത്രം വാങ്ങുക.

digit2ചിന്തിച്ച് തീരുമാനിക്കാം
വില കൂടിയ സാധനങ്ങൾ വാങ്ങുമ്പോൾ എടുത്തു ചാട്ടം പാടില്ല. അത്തരം സാധനങ്ങൾ വാങ്ങുമ്പോൾ കുറച്ച് സാവകാശം നൽകുക. അത് ശരിക്കും നിങ്ങൾക്ക് ആവശ്യമുള്ളതാണോയെന്ന്  ചിന്തിച്ച് തീരുമാനം  എടുക്കാൻ ആ സമയം സഹായിക്കും. വളരെ അത്യവശ്യമുള്ളതാണെങ്കിൽ വാങ്ങാം. അല്ലാത്ത പക്ഷം നിങ്ങൾ തന്നെ അത് മറന്നും പോകും. പണവും ലാഭിക്കാം.

digit3മറ്റുള്ളവരെ അനുകരിക്കാൻ നോക്കേണ്ട
ഇന്ന് നാം  വാങ്ങുന്ന പല സാധനങ്ങളും സത്യത്തിൽ നമുക്ക് അത്ര ഉപകാരമുള്ളതാവില്ല. മറ്റുള്ളവരെല്ലാം വാങ്ങുന്നു അതിനാൽ ഞാനും വാങ്ങും എന്ന ചിന്ത ആദ്യമേ ഒഴിവാക്കുക. അവശ്യമുള്ളവ വാങ്ങാം അനാവശ്യ അനുകരണങ്ങൾ ഒഴിവാക്കാം.

digit4ടെൻഷൻ കുറക്കാൻ ഷോപ്പിങ്ങല്ല പരിഹാരം
ഒരു ദിവസത്തെ കഷ്ടപ്പാടുകൾ മുഴുവൻ തീര്‍ക്കാൻ പലരും ഇന്ന് പോകുന്നത് ഷോപ്പിങ്ങ് മാളുകളിലേക്കോ ഇ കൊമേഴ്സ് സെെറ്റുകളിലേക്കോ ആണ്.  ടെൻഷൻ കുറക്കാനും മാനസിക പിരിമുറുക്കങ്ങൾ മാറ്റാനുമൊക്കെ ഷോപ്പിംഗ് നടത്തുന്നവര്‍  ഇന്ന് ധാരാളമാണ്. എന്നാൽ മാനസിക പിരിമുറുക്കങ്ങൾക്ക്  ഷോപ്പിങല്ല പരിഹാരം എന്ന് മനസ്സിലാക്കുക. 

കെെയ്യിലെ പണം തീരുമ്പോൾ വീണ്ടും പുതിയ ടെൻഷനുകൾ  ഉണ്ടാവും എന്ന് മറക്കാതിരുക്കുക.  ഒരു പ്രശ്മത്തിന് പരിഹാരം കാണാൻ ആരും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലല്ലോ.