മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള ഉത്സവ സീസണിൽ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് തുടങ്ങിയവ നേടിയത് 15,000 കോടി രൂപയുടെ വിൽപ്പന.  ഒക്ടോബർ ഒൻപതു മുതൽ 14 വരെ നീണ്ടുനിന്ന ഓൺലൈൻ ഷോപ്പിങ് സീസണിലാണ് ഇ - കൊമേഴ്‌സ് കമ്പനികളുടെ വിൽപ്പന പൊടി പൊടിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 64 ശതമാനം വിൽപ്പന വളർച്ചയാണ് ഇത്തവണ ഉണ്ടായതെന്ന് ഗവേഷണ സ്ഥാപനമായ റെഡ്‌സീർ കൺസൾട്ടിങ് ചൂണ്ടിക്കാട്ടുന്നു.

വിൽപ്പന ഉയർത്തി ലോയൽറ്റി സ്‌കീമുകളും വായ്പാ പദ്ധതികളും

മികച്ച ഓഫറുകൾക്കൊപ്പം ഇ-കൊമേഴ്‌സ് കമ്പനികൾ പ്രഖ്യാപിച്ച ലോയൽറ്റി സ്‌കീമുകളും ഓൺലൈൻ വിൽപ്പന ഉയരാൻ സഹായകരമായി. കൂടാതെ പെയ്‌മെന്റ് ബാങ്കുകളും ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഓഫറുകളും ടയർ ടു, ത്രീ നഗരങ്ങളിൽ ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം വർധിച്ചതുമെല്ലാം ഉത്സവകാല വിൽപ്പനയ്ക്ക് കരുത്ത് പകർന്നു.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ എന്ന പേരിലെ ഉത്സവകാല വിൽപ്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിങ് ഫെസ്റ്റിവൽ എന്ന പേരിലെ വിൽപ്പനയും ആദ്യമായി ഒരേ ദിവസങ്ങളിൽ ആയിരുന്നതും വിപണിയിൽ ആവേശം വർധിപ്പിച്ചു.

പ്രീമിയം സ്മാർട്ട്‌ ഫോണുകൾക്ക് ആവശ്യക്കാരേറെ

സ്മാർട്ട്‌ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ഓൺലൈൻ സൈറ്റുകളിലൂടെ ചൂടപ്പം പോലെ വിറ്റുപോയി. പ്രീമിയം സ്മാർട്ട് ഫോണുകളുടെ വിൽപ്പനയായിരുന്നു സ്മാർട്ട് ഫോൺ വിൽപ്പനയിലെ പ്രധാന മാറ്റം. ആമസോൺ ഐഫോൺ എക്സിന് 22,000 രൂപയോളം വിലക്കിഴിവ് നൽകിയപ്പോൾ, വൺപ്ലസ് 6 ഉൾപ്പെടെയുള്ള മോഡലുകൾക്ക് 5,000 രൂപ വിലക്കിഴിവ് നൽകിയിരുന്നു. കഴിഞ്ഞ വർഷം 10,000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് ആവശ്യക്കാരേറെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ പ്രീമിയം വിഭാഗത്തിലും 10,000-15,000 രൂപ നിരക്കിലുമായിരുന്നു വിൽപ്പനയിൽ അധികവും നടന്നത്.

വിൽപ്പന ആരംഭിച്ച് ആദ്യ മൂന്നു ദിവസങ്ങളിൽ തന്നെ 80 കോടി ഡോളറിന്റെ സ്മാർട്ട് ഫോൺ വിൽപ്പനയാണ് നടന്നത്. 17 കോടി ഡോളറിന്റെ ഗൃഹോപകരണ വിൽപ്പനയും 12 കോടി ഡോളറിന്റെ ഫാഷൻ ഉത്പന്നങ്ങളുടെ വിൽപ്പനയും ആദ്യ ദിനങ്ങളിൽ തന്നെ നടന്നു. ക്രെഡിറ്റ്, ഡെബിറ്റ് ഇ.എം.ഐ.കൾക്കു പുറമേ കാർഡ് ലെസ് പദ്ധതിയുടെ ഭാഗമായി ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ നൽകിയ 60,000 രൂപ വായ്പയും ഉപഭോക്താക്കളുടെ ഉത്സവകാല ഷോപ്പിങ്ങിന് ആവേശം പകർന്നു.