കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മന്ത്രിതല യോഗത്തിലെ തീരുമാനത്തെ തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഡെലിവറി അടക്കമുള്ള ഇ-കൊമേഴ്‌സ് മേഖലയുടെ പ്രവർത്തനങ്ങളെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാന സർക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചു.

എന്നാൽ, കമ്പനികളും ഡെലിവറി സ്ഥാപനങ്ങളും വാഹനങ്ങളിൽ അടക്കം ശുചിത്വം പാലിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന്റെത്‌ നല്ല തീരുമാനമാണെന്നും ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ, ഇ-കൊമേഴ്‌സ്‌ മേഖലയ്ക്ക് സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ കഴിയുമെന്നും ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ സഹ സ്ഥാപകൻ കുനാൽ ബാൽ പറഞ്ഞു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഭക്ഷണ, പലവ്യഞ്ജന കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് തുടങ്ങിയവർ ഡെലിവറി സംബന്ധിച്ച് മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി സ്ഥാപനങ്ങൾക്കും നൽകി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഓർഡറുകളിൽ വൻ വർധനയാണ് ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഉണ്ടാവുന്നത്. ഡിമാൻഡ് വർധിച്ചതോടെ ചില സ്ഥാപനങ്ങൾ ഓൺലൈൻ സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാർട്ടിലും അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റിരുന്നു. എന്നാൽ, ഇത്തരം ഉത്പന്നങ്ങളെ സൈറ്റിൽനിന്ന് ഒഴിവാക്കുകയാണ് കമ്പനി അധികൃതർ ഇപ്പോൾ.