ബെംഗളുരു: പ്രൈം ഡെ വില്പനയില്‍ 209 കച്ചവടക്കാര്‍ കോടീശ്വരന്മാരായതായി ആമസോണ്‍ ഇന്ത്യയുടെ മേധാവി അമിത് അഗര്‍വാള്‍ അവകാശപ്പെട്ടു. 

4000 ചെറുകിട വില്പനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കാനും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ വില്പന വര്‍ധിപ്പിക്കാനും ശ്രമംനടത്തുന്നതിന്റെ സമയത്താണ് ഈനേട്ടമെന്നും അദ്ദേഹം പറഞ്ഞു. 

കരകൗശലതൊഴിലാളികളും നെയ്ത്തുകാരും സ്റ്റാര്‍ട്ടപ്പ് ബ്രാന്റുകളും യഥാക്രമം 6.7, 2.6, 2.1 ഇരട്ടി വളര്‍ച്ചകൈവരിച്ചതായാണ് ആമസോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ലാപ്‌ടോപ്, ഹോം അപ്ലയന്‍സസ് ഉള്‍പ്പടെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുംകൂടുതല്‍ വിറ്റത്. 

91,000 ചെറുകിട ഇടത്തരം കച്ചവടക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുനടത്തിയ വില്പന ഓഗസ്റ്റ് ഏഴിനാണ് സമാപിച്ചത്.