ബെംഗളുരു: ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് കോവഡ് കാലത്ത് അടിതെറ്റിയത് ഇന്ത്യയില്‍. 

ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെ ഇ-കൊമേഴ്‌സ് കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു. ഈകാലയളവില്‍ അവശ്യവസ്തുക്കളും പലചരക്കു സാധാനങ്ങളുമാണ് വില്‍ക്കാന്‍ അനുമതി ലഭിച്ചത്.

അതുകൊണ്ടുതന്നെ ലോകവ്യാപകമായുള്ള വ്യാപാരത്തില്‍ ഇന്ത്യയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ബ്രിയാന്‍ ടി ഒല്‍സാവസ്‌കി പറയുന്നു. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണില്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെല്ലാം അവശ്യവസ്തുക്കള്‍ വില്‍ക്കാന്‍മാത്രമെ അനുമതി നല്‍കിയിരുന്നുള്ളൂ. അതിനിടയില്‍ വിലക്ക് നീക്കിയെങ്കിലും സമ്മര്‍ദത്തെതുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. 

ആഗോള വ്യാപകമായി കമ്പനിയുടെ ലാഭത്തില്‍ 29ശതമാനം ഇടിവുണ്ടായി. കലണ്ടര്‍വര്‍ഷത്തെ ആദ്യപാദത്തില്‍ 2.54 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 3.56 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്.