ബെംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്തെ കിരീടത്തിനായുള്ള ഒാട്ടത്തിനിടെ ആമസോൺ ഇന്ത്യക്ക് ഒരു വർഷത്തിനിടെ നഷ്ടം ഇരട്ടിയായി. കഴിഞ്ഞ മാർച്ച് വരെയുള്ള 12 മാസത്തിനിടെ 3,752 കോടി രൂപയാണ് ആമസോണിന്റെ നഷ്ടം. ഇ-കൊമേഴ്‌സ് രംഗത്ത് ഇന്ത്യയിൽ ഒന്നാമതുള്ള ഫ്ലിപ്കാർട്ടിനെ പിന്നിലാക്കുന്നതിനായി, ഉത്പന്നങ്ങൾക്ക് നൽകിയ ഇളവുകളടക്കമുള്ള വർധിച്ച ചെലവുകളാണ് നഷ്ടം കൂടാൻ ഇടയാക്കിയത്.

ഇക്കാലയളവിൽ ഇന്ത്യയിലെ നിക്ഷേപത്തിലും ആമസോൺ വൻ വർധന വരുത്തിയിരുന്നു. അതേസമയം മൊത്തം വരുമാനം 2,275 കോടി രൂപയായിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഇരട്ടിയിലധികമാണ് വരുമാന നേട്ടം.

അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ ആമസോണിന് മുൻ വർഷം 1,724 കോടി രൂപയായിരുന്നു നഷ്ടം. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കും പുതിയ സാങ്കേതികതയ്ക്കുമായുള്ള ചെലവുകൾ വർധിച്ചതാണ് നഷ്ടം കൂടാൻ കാരണമായതെന്നാണ് ആമസോൺ വിലയിരുത്തുന്നത്. ഒപ്പം പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും കൂടുതൽ പണം ചെലവാക്കി. വീഡിയോ സ്ട്രീമിങ് സേവനം ഡിസംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

അതേസമയം ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കുള്ള പണത്തിനായി ആഗോള ബാലൻസ് ഷീറ്റാണ് ആമസോൺ അടിസ്ഥാനമാക്കുന്നത്. അതിനാൽത്തന്നെ പുറത്തുനിന്നുള്ള നിക്ഷേപത്തെ ആശ്രയിക്കേണ്ട കാര്യമില്ലെന്നത് അവരുടെ നേട്ടമാണ്. 12 മാസത്തിനിടെ ആമസോൺ ഓഹരി മൂലധനം നാലുമടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. 16,000 കോടിയായാണ് ഇത് വർധിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്ലിപ് കാർട്ടും സ്‌നാപ് ഡീലും നഷ്ടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഉത്പന്നങ്ങൾക്ക് വലിയ ഇളവുകൾ കൊടുക്കുന്നതും പരസ്യ പ്രചാരണത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നതുമാണ് നഷ്ടത്തിനുള്ള പ്രധാന കാരണം.