ബെംഗളുരു: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്കും സേവന ദാതാക്കള്‍ക്കും നിങ്ങളുടെ ആധാര്‍ നമ്പര്‍ കൈമാറുന്നത് സുരക്ഷിതമാണോ?

വിതരണത്തിനിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ് ലോഡ് ചെയ്യാന്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ ആവശ്യപ്പെടുന്നുണ്ട്.

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂമോകാര്‍ നിങ്ങളുടെ ബുക്കിങ് സ്വീകരിക്കണമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ തെളിവായി നല്‍കണം. 

ആമസോണ്‍, സൂമോകാര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവന സൈറ്റുകള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ്. 

ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.  

ആധാര്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി കഴിഞ്ഞവര്‍ഷം അതോറിറ്റി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മറ്റ് ആവശ്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ കോപ്പി  കൈമാറരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആര്‍ക്കെങ്കിലും കൈമാറുകയാണെങ്കില്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണിത്. 

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ കൈമാറുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.