ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ വര്‍ധിക്കുമ്പോഴും വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കണ്ടെത്തല്‍. 

കഴിഞ്ഞ 12 മാസത്തനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തില്‍ പറയുന്നു.

ആദ്യത്തെ വാങ്ങലില്‍തന്നെ 5.4 കോടി പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നിര്‍ത്തി. പ്രാദേശിക ഭാഷകള്‍ അറിയാത്ത സാധാരണക്കാരായ ഉപഭോക്താക്കളാണ് വിപണി വിട്ടത്.

നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകള്‍ വഴി വിറ്റഴിക്കുകയും അതേസമയം, ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ഫലപ്രദമായ മാര്‍ഗമില്ലാത്തതും പലരെയും വിപണിയില്‍നിന്ന് അകറ്റി. 

ഇന്റര്‍നെറ്റിന്റെ വ്യാപനം ദ്രുതഗതിയിലാണെങ്കിലും  ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സ്ഥിരമായി പിടിച്ചുനില്‍ക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തല്‍. 

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഷോപ്പിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കച്ചവടക്കാര്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായി പറയുന്നു.