റ്റൊരു ഇന്ത്യൻ വംശജകൂടി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ലീന നായർ. യുണിലിവറിൽ ചീഫ് ഹ്യൂമൺ റിസോഴ്‌സസ് മേധാവിയായും കമ്പനി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വർഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ  തലപ്പത്ത് എത്തിയിരിക്കുന്നു ലീന. 

മലയാളിയാണെങ്കിലും ലീന ഇപ്പോൾ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷൻ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതിനാണ് യുണിലിവറിൽനിന്ന് അവർ രാജിവെച്ചത്. ലീന നായർ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. 

യുണിലിവറിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലീന വൈകാതെതന്നെ കമ്പനിയിൽ ഉന്നത പദവിയിലെത്തി. ആഗോള നിലവാരത്തിൽ കമ്പനിയിലെ ജീവിക്കാർക്ക് മികച്ച വേതനം നൽകാൻ ലീന പ്രതിബന്ധത കാണിച്ചിരുന്നതായി ഹാർപേഴ്‌സ് ബസാർ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച പ്രൊഫൈലിൽ പറയുന്നു. ലിംഗതുല്യതക്ക് പ്രാധാന്യംനൽകയതും അവരെ പ്രശസ്തരാക്കി. 

ബ്രിട്ടീഷ് സർക്കാരിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്‌മെന്റിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

1969ൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീനയുടെ ജനനം. സാംഗ്ലിയിലെ വാൽചന്ത് എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദവും ജംഷഡ്പുർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് 1992ൽ യുണിലിവറിൽ ചേർന്നത്. ധനകാര്യ സേവനമേഖലയിലെ സംരംഭകനായ കുമാർ നായരാണ് ഭർത്താവ്. ആര്യൻ, സിദ്ധാന്ത് എന്നിവർ മക്കളുമാണ്. 

ഫ്രഞ്ച് കോടീശ്വരനും 73കാരനുമായ അലൈൻ വെർട്ടെയ്മറും സഹോദരൻ ജെറാർഡ് വെർതൈമറുമാണ് ഇപ്പോൾ ഷനേലിന്റെ ചുമതലക്കാർ. താൽക്കാലികമായി സിഇഒ സ്ഥാനം വഹിച്ചിരുന്ന അലൈൻ ഇനി ഗ്ലോബൽ എക്‌സിക്യുട്ടീവ് ചെയർമാനാകും. 

1910ലാണ് ഫാഷൻ ഇതിഹാസം ഗബ്രിയേൽ 'കൊക്കോ' പാരീസിലെ റൂ കാംബണിൽ തൊപ്പികളുടെ ബോട്ടിക് (ഹാറ്റ് ബോട്ടിക്)ആയ ഷനേലിന് തുടക്കമിടുന്നത്. വൈകാതെ അത് ഫ്രഞ്ച് ഫാഷന്റെ ഭാഗമായി മാറുകയുംചെയ്തു.