ബെംഗളുരു: ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങിയ വിശാല്‍ സിക്ക ഒരാഴ്ച പിന്നിടുംമുമ്പെ ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്റര്‍ പ്രൈസസില്‍ ചേര്‍ന്നു. 

ആഗോള ഐടി കമ്പനിയായ എച്ച്പിഇയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായാണ് നിയമനം. 

ഹാവ്‌ലെറ്റ് പാക്കാര്‍ഡ് എന്ന അമേരിക്കന്‍ കമ്പനി 2015ല്‍ വിഭജിച്ചാണ് എച്ച്പിഇ സ്ഥാപിച്ചത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഒരുപോലെ കൈകാര്യം ചെയ്യുന്ന സ്ഥാപനം പേഴ്‌സണല്‍ കമ്പ്യൂട്ടറും പ്രിന്ററുമാണ് പ്രധാനമായും വില്‍ക്കുന്നത്. രണ്ട് ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. 

എച്ച്പിഇയുടെ സിടിഒ ആയ മാര്‍ട്ടിന്‍ ഫിങ്ക് കഴിഞ്ഞവര്‍ഷമാണ് സ്ഥാനമൊഴിഞ്ഞത്. ഇതുവരെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്റ്റാന്‍ഫോര്‍ഡില്‍നന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സിക്ക ഇന്‍ഫോസിസില്‍ ചേരുന്നതിനുമുമ്പ് മൂന്ന് വര്‍ഷം ജര്‍മന്‍ കമ്പനിയായ എസ്എപിയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു.