ടോക്യോ: തോഷിബ കോര്‍പ്പറേഷന്‍ ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പൂട്ടുന്നു. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.

പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 13.7 ശതമാനം വര്‍ധനവുണ്ടായി. 

2015ല്‍ തോഷിബ ലാഭം പെരുപ്പിച്ചുകാട്ടിയതായി കണ്ടെത്തിയിരുന്നു. ഈ അപവാദത്തില്‍നിന്ന് തലയൂരുകകൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

കംപ്യൂട്ടര്‍ ചിപ്പ് മുതല്‍ ആണവ റിയാക്ടര്‍വരെയുളള നിര്‍മാണരംഗങ്ങളില്‍ പ്രമുഖരായ തോഷിബ 2008 മുതല്‍ വരവുചെലവുകണക്കുകളില്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു.

അമേരിക്കയുമായുള്ള ആണവ വ്യാപാരത്തില്‍ 630 കോടി ഡോളറിന്റെ നഷ്ടം വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞവര്‍ഷം ചെയര്‍മാന്‍ ഷിഗനോറി ഷിഗ രാജിവെച്ചിരുന്നു.