ളര്‍ത്തി വലുതാക്കിയ കമ്പനികള്‍ ഉപേക്ഷിച്ച് ഉന്നത മേധാവികള്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്ന പ്രവണത കൂടുന്നു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, പേടിഎം, ഒല, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഉന്നത പദവികളിലിരുന്ന നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ കമ്പനി വിട്ട് പുതുസംരംഭങ്ങള്‍ തുടങ്ങി.

കഴിഞ്ഞ വര്‍ഷം മെയ് 17ന്ശംഷം പതിനേഴോളം സീനിയര്‍ എക്സിക്യൂട്ടീവുമാര്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. ഇവരില്‍ പലരും വേഗം വളരുന്ന ബിസിനസ് സംരംഭങ്ങളുടെ ഉടമകളാണിപ്പോള്‍. ചിലരാകട്ടെ പുതിയ കമ്പനി ലാഭകരമായ നിലയിലെത്തിയശേഷം തങ്ങളുടെ പഴയ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ സംരംഭകത്വ പരീക്ഷണങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന തിരിച്ചറിവാണ് പല പ്രമുഖ കമ്പനികളുടെയും വിജയശില്‍പികളെ പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിലേയ്ക്ക് നയിക്കുന്നത്. സ്‌നാപ്ഡീലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്ന ശ്രീനിവാസ് മൂര്‍ത്തി ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്ഥാപനം വിട്ടത്. ഓഫ്‌ലൈന്‍ വ്യാപാര രംഗത്താണ് തന്റെ പുതിയ പരീക്ഷണം അദ്ദേഹം നടത്താനൊരുങ്ങുന്നത്. ചുരുങ്ങിയ നിക്ഷേപം മാത്രം ആവശ്യമുള്ള ഈ സംരംഭം പെട്ടെന്ന് ലാഭകരമായ നിലയിലേയ്‌ക്കെത്തുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ട്.

സ്‌നാപ്ഡീലിന്റെ തന്നെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍നിന്ന് രാജിവെച്ച ഭുവന്‍ ഗുപ്ത കഴിഞ്ഞ നവംബറില്‍ 'ഓഫ്ബിസിനസ്' എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ 100 ജീവനക്കാരുള്ള ഈ കമ്പനി രാജ്യത്തെ പത്ത് സംസ്ഥാനങ്ങില്‍ പ്രവര്‍ത്തിക്കുന്നു. സമയവും സാഹചര്യവും അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇ-കൊമേഴ്‌സ് രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് ഇനിയും സാധ്യതകളുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മറിച്ചാണെങ്കില്‍ അപകടസാധ്യത ഏറെയാണുതാനും. 

അടുത്തിടെ ഏറ്റവുമധികം ഉന്നത മേധാവികള്‍ പിരിഞ്ഞു പോയത് ഫ്‌ളിപ്കാര്‍ട്ടില്‍നിന്നാണ്. മുകേഷ് ബന്‍സാല്‍, അങ്കിത് നഗോരി, മുകേഷ് കുമാര്‍, മെകിന്‍ മഹേശ്വരി തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. കമ്പനിയുടെ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരാണ് ഇവരെല്ലാം എന്ന കാര്യം എടുത്തു പറയേണ്ടതാണ്. മാര്‍ച്ച് അവസാനം ബന്‍സാലും നഗോരിയും ചേര്‍ന്ന് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് 33 കോടി മുടക്കുമുതല്‍ വരുന്ന ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുകയുണ്ടായി.

ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് പിരിഞ്ഞ രാഹുല്‍ ചാരി, സമീര്‍ നിഗം എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഫോണ്‍പേ എന്ന പേമെന്റ് കമ്പനി ആറുമാസത്തിനു ശേഷം ഇവര്‍ ഫ്‌ളിപ്കാര്‍ട്ടിനു തന്നെ വിറ്റു.

ടാക്‌സി സര്‍വ്വീസ് സ്ഥാപനമായ 'ഒലകാബ്‌സ്'ന്റെ ബിസിനസ് മേധാവിയായിരുന്ന രുഷില്‍ ഗോയലും ഡിസൈന്‍ മേധാവിയായിരുന്ന സുനിത് സിംഗും സ്ഥാനങ്ങള്‍ രാജിവെച്ച് ഒരു ഡിസൈന്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് അടുത്തിടെയാണ്. മുന്‍ മേധാവിയായിരുന്ന സ്വാമിനാഥന്‍ സീതാരാമന്‍ രാജിവെച്ച് പിയാന്റ ഡോട് കോം ആരംഭിച്ചിരുന്നു.

റസ്‌റ്റോറന്റ് ശൃംഖലയായ സോമാറ്റോയുടെ മുന്‍ പ്രൊഡക്ട് ഓഫീസര്‍ നമിത ഗുപ്ത രാജിവെക്കുകയും എയര്‍വേദ എന്ന എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. സാമ്പത്തിക നേട്ടത്തോടൊപ്പം തന്നെ സൂമൂഹത്തിന് ഗുണകരമാവുക എന്ന ലക്ഷ്യംകൂടി പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് പിന്നില്‍ ഉണ്ടായിരുന്നതായി നമിത ഗുപ്ത വ്യക്തമാക്കുന്നു. 

നിലവിലുള്ള സ്ഥാപനങ്ങള്‍വിട്ട് പുതിയവ തുടങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത് ചില ഘടകങ്ങള്‍ ചേര്‍ന്നു വരുമ്പോഴാണെന്ന് സാമ്പത്തിക രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു. വ്യക്തികളുടെ ഉല്‍കര്‍ഷേച്ഛ, നിലവിലുള്ള സ്ഥാപന മേധാവികളുമായുളള അഭിപ്രായവ്യത്യാസം, ബാങ്കുകളില്‍നിന്ന് എളുപ്പത്തില്‍ ലഭ്യമാകുന്ന സാമ്പത്തിക സഹായം, വ്യാപകമായ വ്യക്തിബന്ധങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളെല്ലാം ഒത്തുചേരുമ്പോഴാണ് പുതുസംരംഭങ്ങള്‍ മുളപൊട്ടുന്നതെന്ന്‌ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ആശങ്ങളും അവ നടപ്പാക്കാനുള്ള കാര്യശേഷിയും പ്രതിബന്ധങ്ങളെ മറികടക്കാനുള്ള മിടുക്കുമാണ് ഈ പുതിയ സംരംഭകരുടെ വിജയരഹസ്യമെന്ന് സാമ്പത്തിക നിരീക്ഷകനായ അനുജ് റോയ് പറയുന്നു. പഴയ സ്ഥാപനങ്ങളോട് മത്സരിക്കുക എന്നതിനപ്പുറം മാര്‍ക്കറ്റിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള നീക്കങ്ങളിലൂടെ ചുരുങ്ങിയ സമയംകൊണ്ട് ലാഭത്തിലേയ്‌ക്കെത്താനാണ് ഈ പുതുസംരംഭകരെല്ലാം ശ്രമിക്കുന്നത്.