ന്യൂഡല്‍ഹി: റിലയന്‍ ജിയോയുമായി മത്സരിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു.

4ജി സൗകര്യമുള്ള ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടാകും. 

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാണ് നിര്‍മിക്കുക. 

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയത് ഉപയോഗിക്കാന്‍ കഴിയുന്നതാകും ഫോണുകള്‍. 

വലിയ സ്‌ക്രീന്‍, മികച്ച കാമറയും ബാറ്ററിയും ഉറപ്പുവരുത്തുന്നതാകും സ്മാര്‍ട്ട് ഫോണ്‍. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക. 

ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല.